ഓട്സ്
ജീവകങ്ങൾ, മാംസ്യങ്ങൾ, എന്നിവയടങ്ങിയ ഓട്സ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു ഗ്ളോബിലിൻ എന്ന മാംസ്യം നിറയെ ഓട്സിലുണ്ട്. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഓട്സ് ഇന്ത്യയിൽ പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. റഷ്യയാണ് ഓട്സ് കൃഷിയിൽ മുന്നിൽ. നല്ലയിനം ഓട്സിനെ കെന്റ് എന്ന് വിളിക്കുന്നു.
ഗോതമ്പിൽ അടങ്ങിയിരിക്കുന്നതിനെക്കാൾ ജീവകങ്ങൾ ഇതിലുണ്ട്. ഇതിന്റെ മൃദുവായ തണ്ടുകൾ, ഇലകൾ എന്നിവ കന്നുകാലികളുടെ ഭക്ഷണമാണ്.
ബാർലി
യവം എന്നാണ് ബാർലിക്ക് മലയാളത്തിൽ പറയുക. പുൽവർഗത്തിൽപ്പെട്ട ബാർലി മനുഷ്യരും മൃഗങ്ങളും ഭക്ഷണമായി ഉപയോഗിക്കുന്നു മാംസ്യം, ജീവകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ബാർലി ബ്രഡ്, ലഹരി പാനീയങ്ങൾ എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു ലവാണാംശത്തെ ചെറുത്ത് നിൽക്കാൻ കഴിയുന്ന ചെടിയാണ് ബാർലി.
ബജ്റ
കൊടും വരൾച്ച, വെള്ളപ്പൊക്കം എന്നിവയെ അതിജീവിക്കാൻ കഴിവുള്ള ധാന്യവർഗം. ഉത്തരേന്ത്യയിൽ ധാരാളം കൃഷി ചെയ്യപ്പെടുന്ന ധാന്യമാണ് ബജ്ര. പേൾ മില്ലറ്റ് എന്നാണ് ഇതിനെ ഇംഗ്ളീഷിൽ പറയുക. ബലമുള്ള തണ്ടിൽ പച്ചനിറത്തിലുള്ള ഇലകൾ കാണാം. തണ്ടിന്റെ അറ്റത്താണ് ത്രികോണാകൃതിയിലുള്ള പൂങ്കുലകൾ കാണാം. ചാരനിറമാണ് ധാന്യമണികൾക്ക്.
തിന
മനുഷ്യർ, ജന്തുക്കൾ, പക്ഷികൾ എന്നിവയുടെ ആഹാരമാണ്. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്നതിന് അനയോജ്യമായ ധാന്യമാണ്. മാംസ്യം, ധാതുക്കൾ, ഇരുമ്പ് എന്നിവ അരിയിലുള്ളതിനെക്കാൾ ഇതിലടങ്ങിയിട്ടുണ്ട്. കട്ടികുറഞ്ഞ പച്ചനിറമുള്ള തണ്ടുകളുടെ അറ്റത്ത് പൂക്കൾ കാണാം.
മക്കച്ചോളം
മധ്യ അമേരിക്കയോ മെക്സിക്കേയോ ആണ് ജന്മദേശം എന്ന് കരുതപ്പെടുന്നു. ഇന്ത്യൻ കോൺ എന്നും ഇതറിയപ്പെടുന്നു കാരണം അമേരിക്കയാണ് ഇതിന്റെ ഉത്പാദനത്തിൽ മുന്നിൽ. ഡെന്റ്, പോപ്പ്, അനിലേസിയ, ഫ്ളിന്റ്, സ്വീറ്റ് എന്നിവ വിവിധയിനം മക്കച്ചോളങ്ങളാണ്. ഭക്ഷ്യധാന്യം എന്നതിലുപരി ഇതിൽനിന്നും പാചകത്തിനുള്ള എണ്ണ വേർതിരിച്ചെടുക്കുന്നു. ജൈവ ഇന്ധനം നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്ന ചോളത്തിന്റെ തവിട് ഒരു കാലിത്തീറ്റയാണ്.
മണിച്ചോളം
ആഫ്രിക്കയാണ് ജന്മദേശമെന്ന് കരുതുന്നു. ഏറ്റവുമധികം സ്ഥലത്ത് കൃഷി ചെയ്യപ്പെടുന്ന രണ്ടാമത്തെ ഭക്ഷ്യവിളയാണ് ഇത്. ഇന്ത്യയിൽ മണിച്ചോളത്തിന്റെ ഉമി കളഞ്ഞ് ധാന്യമെടുത്ത് വേവിച്ച് കഴിക്കാം. ഇതിനെ പൊടിച്ച് വിവിധയിനം പലഹാരങ്ങളുണ്ടാക്കുന്നു. ഇതിന്റെ വയ്ക്കോലിന് പോഷകമൂല്യം ഏറെയാണ്.
നവധാന്യങ്ങൾ
ഒൻപത് ധാന്യങ്ങൾ. ഇത് ഹോമത്തിനും പൂജയ്ക്കും ഉപയോഗിക്കുന്നു. നവധാന്യങ്ങൾ ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു. നെല്ല്, ഗോതമ്പ്, കടല, തൂവര, എള്ള്, പയർ, മുതിര, അമര, ഉഴുന്ന് എന്നിവയാണ് നവധാന്യങ്ങൾ.
പയറുവർഗങ്ങൾ
നമ്മുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണ് പയറുവർഗങ്ങൾ. മാംസ്യത്തിന്റെ ഉറവിടമാണ് പയറുകൾ. മുളപ്പിച്ച പയർ കഴിക്കുന്നത് നല്ല ആരോഗ്യശീലത്തിന്റെ ലക്ഷണമാണ് പാവപ്പെട്ടവരുടെ മാംസ്യം എന്ന് അറിയപ്പെടുന്ന പയറുവിളകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു ഏതൊക്കെയാ് പയറുവർഗ വിളകൾ അവയുടെ പ്രത്യേകതകൾ എന്നിവ നോക്കാം.
ചെറുപയർ
നമ്മുടെ വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്നത്. എല്ലാതരം മണ്ണിലും വളരാൻ കഴിവുള്ള ഇതിന് വരൾച്ചയെ അതിജീവിക്കാൻ കഴിയും. ഏകവർഷി സസ്യമാണ് ചെറുപയർ. അന്നജം, നാരുകൾ, ജീവകം എ, ബി, കാൽസ്യം, മഗ്നീഷ്യം, സോഡിയം എന്നിവ അടങ്ങിയിരിക്കുന്ന ചെറുപയറിന് ബെറിബെറി എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയും.
വൻപയർ
ഇന്ത്യയിലെ വരണ്ട പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന വൻ പയർ തവിട്ട്, ഇളംമഞ്ഞ, വെള്ള നിറങ്ങളിൽ ആണ് ഇന്ത്യയും പാകിസ്ഥാനുമാണ് ജന്മദേശങ്ങൾ. ധാതുക്കൾ , മാംസ്യം, കൊഴുപ്പ്, ധാന്യകം എന്നിവ അടങ്ങിയിരിക്കുന്ന വൻ പയർ ജീവകങ്ങളാൽ സമ്പുഷ്ടമാണ്.
കടല
ബംഗാൾ ഗ്രാം എന്നാണ് ഇംഗ്ളീഷിൽ കടലയുടെ പേര്. ബംഗാളിൽ നിന്നാണ് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചത്. ധാരാളം മാംസ്യം അടങ്ങിയിരിക്കുന്ന കടല ജീവകങ്ങളാലും ധാതുക്കളാലും സമ്പുഷ്ടമാണ്. പുരാതനകാലം മുതൽ തന്നെ കടല കൃഷി ചെയ്തിരുന്നതായി തെളിവുകൾ കിട്ടിയിട്ടുണ്ട്.
നൈട്രജന്റെ കലവറ
പയറുവർഗ വിളകളുടെ പ്രത്യേകത അതിൽ ധാരാളം നൈട്രജൻ അടങ്ങിയിരിക്കുന്നു എന്നതാണ്. അന്തരീക്ഷത്തിലുള്ള നൈട്രജനെ ആഗിരണം ചെയ്യാൻ പയറുവർഗ വിളകൾക്കല്ലാതെ മറ്റൊന്നിനും കഴിയില്ല. പയറുചെടികളുടെ വേരിൽ കാണപ്പെടുന്ന ബാക്ടീരിയകളാണ് നൈട്രജനെ അമോണിയയാക്കി മാറ്റി ചെടികൾക്ക് നൽകുന്നത്. ഇതാണ് പിന്നീട് മാംസ്യം രൂപീകരിക്കാൻ സഹായിക്കുന്നത്. നെൽപാടങ്ങളിൽ പയർ വളർത്തുന്നത് മണ്ണിൽ നൈട്രജന്റെ അളവ് വർദ്ധിപ്പിക്കുന്നതിനാണ്.
പയർ മുളപ്പിക്കുന്നതെന്തിന് ?
പയർ മുളിപ്പിച്ച് കഴിക്കുന്നത് അതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്നു ഉണങ്ങിയ പയറിൽ നിന്ന് ചില പോഷകങ്ങൾ നഷ്ടപ്പെട്ടിരിക്കും. കൂടുതൽ പോഷകങ്ങൾ മുളപ്പിച്ച പയറിൽ അടങ്ങിയിരിക്കുന്നു. നാരുകൾ, അന്നജം എന്നിവയൊക്കെ ധാരാളം അടങ്ങിയിരിക്കുന്നു എന്നാൽ കലോറി കുറവാണ് പയറുകളിൽ കൊളസ്ട്രോൾ, വിഷവസ്തുക്കൾ എന്നിവയെ ഇല്ലാതാക്കാൻ പയറിലടങ്ങിയിരിക്കുന്ന നാരുകൾക്ക് കഴിയുന്നു.
പച്ചപ്പയർ
വള്ളിച്ചെടിയാണിത്. കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇത് നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാണ്. വീട്ടുവളപ്പിൽ പച്ചക്കറിത്തോട്ടമുണ്ടെങ്കിൽ അവിടെ നട്ടുവളർത്താവുന്ന ഒന്നാണിത്.
കൂടാതെ ഇതൊരു ഇടവിളയായി വളർത്താറുണ്ട്. അച്ചിങ്ങാപ്പയർ, വള്ളിപ്പയർ എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്.
മുതിര
മനുഷ്യർക്ക് മാത്രമല്ല കന്നുകാലികൾക്കും ആഹാരമാണിത് . കുതിരയുടെ ഭക്ഷണമായതിനാലാണ് ഹോഴ്സ് ഗ്രാം എന്ന് ഇംഗ്ളീഷിൽ വിളിക്കുന്നത്. മാംസ്യം, ധാന്യകം, നാരുകൾ, ധാതുക്കൾ ജീവകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നമുതിര ഒരു ഭക്ഷണം എന്ന രീതിയിൽ ജനങ്ങൾക്കിടയിൽ അത്ര പ്രചാരമുള്ളതല്ല. രുചിക്കുറവാണ് ഇതിന് കാരണം.
തുവര
നെൽപ്പാടങ്ങളിൽ ഇടവിളയായ ഇത് കൃഷി ചെയ്യാറുണ്ട്. തനി വിളയായും ഇത് കൃഷി ചെയ്യാം. ഇന്ത്യയുടെ ഭക്ഷണ രീതിയിൽ പ്രധാനപ്പെട്ട സ്ഥാനമാണ് തുവരയ്ക്കുള്ളത്.
പരിപ്പുവട എല്ലാവർക്കും പ്രിയപ്പെട്ടതാണല്ലോ അന്നജം, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.