തിരുവനന്തപുരം: ആറുമാസത്തെ 'പഠന"ത്തിനൊടുവിൽ സർക്കാർ ചുമതലപ്പെടുത്തിയ ഐ.എ.എസുകാരുടെ സമിതി, നമ്മുടെ മെട്രോയ്ക്ക് അനുകൂലമായി വിധിയെഴുതി. തമ്പാനൂരും സെക്രട്ടേറിയറ്റും ഉൾപ്പെടുന്ന തിരക്കേറിയ പാതയിൽ ലൈറ്റ്മെട്രോ നടപ്പാക്കാവുന്നതാണെന്നും ഭാവിയിലേക്ക് ഗുണംചെയ്യുമെന്നും ഐ.എ.എസ് സമിതി സർക്കാരിന് റിപ്പോർട്ട് നൽകി. മെട്രോമാൻ ഇ.ശ്രീധരൻ തയ്യാറാക്കിയ പദ്ധതിരേഖ തള്ളിക്കളഞ്ഞ മുൻ തീരുമാനം ഐ.എ.എസുകാർ തിരുത്തി. ഇതോടെ, തലസ്ഥാനത്തിന്റെ അഭിമാനമായ ലൈറ്റ്മെട്രോ ട്രാക്കിലെത്തുമെന്ന് ഉറപ്പായി.
ഇ. ശ്രീധരന്റെ റിപ്പോർട്ടിലുള്ള യാത്രക്കാരുടെ എണ്ണം, പരസ്യം അടക്കമുള്ള ധനാഗമ മാർഗങ്ങൾ, നികുതിവർദ്ധന എന്നിവ യാഥാർത്ഥ്യബോധമുള്ളതല്ലെന്ന് വിലയിരുത്തിയാണ് നേരത്തേ ഐ.എ.എസുകാർ ലൈറ്റ്മെട്രോയെ എതിർത്തത്. മനോജ് ജോഷി, കമലവർദ്ധൻറാവു, കെ.ആർ.ജ്യോതിലാൽ, അജിത്പാട്ടീൽ എന്നിവരായിരുന്നു സമിതിയിൽ. ലൈറ്റ്മെട്രോ എത്രത്തോളം നഷ്ടമുണ്ടാക്കുമെന്ന് പഠിക്കണമെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ അഭിപ്രായം. കൊച്ചിമെട്രോ നഷ്ടത്തിലോടുന്നത് ചൂണ്ടിക്കാട്ടിയാണ് ലൈറ്റ്മെട്രോയ്ക്കെതിരെ ഐ.എ.എസുകാർ വാളെടുത്തത്. കൊച്ചിമെട്രോയിൽ നിത്യേന മൂന്നരലക്ഷം യാത്രക്കാരുണ്ടാവുമെന്നാണ് പദ്ധതിരേഖയിൽ ഉണ്ടായിരുന്നതെങ്കിലും 35,000പേർ പോലും യാത്രചെയ്യുന്നില്ലെന്ന് സെക്രട്ടറിമാർ ചൂണ്ടിക്കാട്ടി. പ്രതിദിനം ആറരലക്ഷം രൂപ നഷ്ടത്തിലാണ് കൊച്ചിമെട്രോ. തിരുവനന്തപുരം,കോഴിക്കോട് ലൈറ്റ്മെട്രോയിൽ നിത്യേന രണ്ടരലക്ഷം യാത്രക്കാരുണ്ടാവുമെന്ന ശ്രീധരന്റെ കണക്ക് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും കൊച്ചിയുടെ പകുതി യാത്രക്കാർ പോലുമില്ലാതെ ലൈറ്റ്മെട്രോ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും മെട്രോകളുടെ നഷ്ടംനികത്താനുള്ള ബാദ്ധ്യത സംസ്ഥാനസർക്കാരിനാണെന്നുമായിരുന്നു ഐ.എ.എസുകാരുടെ ആദ്യവിലയിരുത്തൽ. പിന്നീട് സർക്കാർ നിലപാട് മാറ്റിയതോടെ ഐ.എ.എസുകാരും ചുവടുമാറ്റി.
കരമന മുതൽ ടെക്നോസിറ്റി വരെയുള്ള നിലവിലെ മെട്രോപാത, ഭാവിയിലേക്ക് അനുയോജ്യമാണെന്നും, ലാഭംനോക്കി മാത്രം മെട്രോ പദ്ധതികൾ നടപ്പാക്കാനാവില്ലെന്നും ഐ.എ.എസുകാരുടെ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റിയില്ലാത്തതിനാലാണ് കൊച്ചിമെട്രോ നഷ്ടത്തിലായത്. എന്നാൽ ഏറ്റവും തിരക്കേറിയ റൂട്ടിലാണ് തിരുവനന്തപുരം ലൈറ്റ്മെട്രോ. യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ കൊച്ചിമെട്രോയുമായി ലൈറ്റ്മെട്രോയെ താരതമ്യപ്പെടുത്താനാവില്ല. റെയിൽവേ, ബസ്സ്റ്റേഷൻ കണക്ടിവിറ്റിയുള്ളതിനാൽ തിരക്കുനിയന്ത്രിക്കാൻ അനുയോജ്യമാണ്. തുടക്കത്തിൽ ലാഭം പ്രതീക്ഷിക്കരുത്. ഡി.എം.ആർ.സിയുടെ അലൈൻമെന്റ് മാറ്റേണ്ടതില്ല.-ഐ.എ.എസ് സമിതി റിപ്പോർട്ട് പറയുന്നു.
തിരുവനന്തപുരത്തെ മെട്രോപാതയ്ക്ക് ഇരുവശവും 500മീറ്റർ മെട്രോ ഇടനാഴിയായി പ്രഖ്യാപിച്ച്, കെട്ടിടനികുതി 50ശതമാനം വർദ്ധിപ്പിച്ച് 20കോടി സമാഹരിക്കാമെന്നും, കൂടുതൽ ഉയരത്തിലും വിസ്തൃതിയിലും കെട്ടിടനിർമ്മാണം അനുവദിക്കാമെന്നുമാണ് ശ്രീധരന്റെ ശുപാർശ. ഭൂവിസ്തൃതിയുടെ രണ്ടരഇരട്ടിയേ നിർമ്മാണം പാടുള്ളൂ എന്ന നിലവിലെ വ്യവസ്ഥ, നാലിരട്ടിയാക്കി കൂട്ടണം. എത്രനിലകളുണ്ടായാലും കെട്ടിടവിസ്തൃതി ഭൂവിസ്തൃതിയുടെ നാലിരട്ടിയിൽ ഒതുക്കിയാൽ മതിയെന്ന് നഗരവികസനചട്ടം ഭേദഗതിചെയ്യണം. ലൈറ്റ്മെട്രോ വരുന്നതോടെ സ്ഥലവില കൂടുന്നതിനാൽ രജിസ്ട്രേഷൻ നികുതിയും ഉയർത്താം എന്നിങ്ങനെയുള്ള ശ്രീധരന്റെ നിർദ്ദേശങ്ങളും പ്രായോഗികമാവില്ലെന്നായിരുന്നു ഐ.എ.എസുകാരുടെ നിലപാട്. ഇതെല്ലാം പുതിയ റിപ്പോർട്ടിൽ തിരുത്തിയിട്ടുണ്ടെന്നാണ് സൂചന.
ടിക്കറ്റ് വിതരണം, എലിവേറ്റർ, ലിഫ്റ്റ് എന്നിവയിൽ മാത്രമായി സ്വകാര്യപങ്കാളിത്തം ഒതുക്കി തിരുവനന്തപുരം, ലൈറ്റ്മെട്രോയുടെ പുതുക്കിയ പദ്ധതിരേഖ ഡി.എം.ആർ.സി കഴിഞ്ഞ നവംബറിൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഡി.പി.ആർ ഇതുവരെ കേന്ദ്രത്തിലേക്ക് അയച്ചിട്ടില്ല. ആകെ150കോടിക്ക് മാത്രമേ സ്വകാര്യപങ്കാളിത്തം അനുവദിക്കൂ. ശേഷിക്കുന്ന പണികൾ മുഴുവൻ കേന്ദ്ര-സംസ്ഥാന വിഹിതവും വിദേശ വായ്പയുമുപയോഗിച്ച് നടപ്പാക്കും. കോച്ച്, സിഗ്നലിംഗ്, ടിക്കറ്റിംഗ്സിസ്റ്റം എന്നിവയിലേതെങ്കിലുമോ, പദ്ധതിയുടെ ഒരുഭാഗമോ സ്വകാര്യപങ്കാളിത്തത്തോടെ വേണമെന്നാണ് കേന്ദ്രംനിർദ്ദേശിച്ചത്. എന്നാൽ സ്വകാര്യപങ്കാളിത്തം കൂടിയാൽ പലിശയടക്കം മുടക്കുമുതൽ തിരിച്ചുപിടിക്കാൻ സ്വകാര്യപങ്കാളി തുനിയുമെന്നും ലാഭേച്ഛയില്ലാതെ നടപ്പാക്കുന്ന ലൈറ്റ്മെട്രോയുടെ നടത്തിപ്പ് അവതാളത്തിലാവുമെന്നുമാണ് ഡി.എം.ആർ.സിയുടെ പദ്ധതിരേഖയിലുള്ളത്. യാത്രക്കാരെ സ്റ്റേഷനിലേക്ക് എത്തിക്കാൻ എലിവേറ്റർ, പടികൾ,ലിഫ്റ്റ് എന്നിവയുടെ നിർമ്മാണവും സാങ്കേതികവിദ്യയുമായി നേരിട്ട് ബന്ധമില്ലാത്ത ടിക്കറ്റിംഗ്, എലിവേഷൻ എന്നിവയും സ്വകാര്യമേഖലയ്ക്ക് നൽകും. സ്വകാര്യപങ്കാളിത്തം ഉറപ്പിക്കാനുള്ള നിയമനിർമ്മാണം നടത്തി വിജ്ഞാപനമിറക്കിയശേഷം, ലൈറ്റ്മെട്രോ പദ്ധതിരേഖ പുതുക്കി സമർപ്പിക്കാൻ കേന്ദ്രസർക്കാർ നേരത്തേ സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു. സെക്രട്ടറിതല സമിതിയുടെ ശുപാർശ ലഭിച്ചശേഷം മന്ത്രിസഭ ചർച്ചചെയ്ത് കേന്ദ്രാനുമതിക്കായി അപേക്ഷിക്കുന്നത് തീരുമാനിക്കുമെന്നാണ് മന്ത്രി ജി.സുധാകരന്റെ മുൻനിലപാട്.
അറിയണം, ലാഭത്തിനല്ല മെട്രോ
സാമൂഹ്യവികസന പദ്ധതിയായ മെട്രോപദ്ധതികൾ ഹോങ്കോംഗിലൊഴികെ ഒരിടത്തും ലാഭത്തിലല്ല
മെട്രോപരിസരത്ത് വ്യാപാരകേന്ദ്രങ്ങളും മാളുകളും ഐ.ടിപാർക്കുകളും നിർമ്മിച്ച് വരുമാനമുണ്ടാക്കാം
ആദ്യത്തെ എട്ടുവർഷം കൊച്ചിമെട്രോ ലാഭമോ നഷ്ടമോ ഇല്ലാത്ത നിലയിലായിരിക്കുമെന്ന് ബംഗളുരു ഐ.ഐ.എം.
250കോടി വരുമാനം ലക്ഷ്യമിട്ടുള്ള പാർപ്പിട, വാണിജ്യസമുച്ചയം, ടൗൺഷിപ്പ് എന്നിവയ്ക്ക് 17ഏക്കർ മെട്രോയ്ക്ക് കൈമാറിയിട്ടില്ല
" ഐ.എ.എസ് സമിതിയുടെ റിപ്പോർട്ട് കെ.ആർ.ടി.എൽ ബോർഡ് ചർച്ചചെയ്യും. ബോർഡ് യോഗം ചേരാൻ മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. ബോർഡാണ് അന്തിമ തീരുമാനമെടുക്കുക. ലൈറ്റ്മെട്രോ പോസിറ്റീവായി മുന്നോട്ടുപോവും."
കെ.എൻ.സതീശ്, എം.ഡി, കെ.ആർ.ടി.എൽ