തിരുവനന്തപുരം: രാവിലെയും വൈകിട്ടുമുള്ള പട്ടം സെന്റ് മേരീസ് സ്കൂളിന് മുന്നിലെ തിരക്കിനും ഗതാഗതക്കുരുക്കിനും ക്രിസ്മസോടെ ഒരു പരിഹാരമാവും. പട്ടം സെന്റ് മേരീസിന് മുന്നിലെ മേൽപ്പാലത്തിന്റെ നിർമ്മാണം ഡിസംബർ 15 ഒാടെ പൂർത്തിയാവും. തുടർന്ന് ക്രിസ്മസോടെ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്. കാൽനടയാത്രക്കാർക്കും എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പതിമൂവായിരത്തിലധികം വരുന്ന വിദ്യാർത്ഥികൾക്കും പ്രയോജനകരമാവുന്ന രീതിയിലാണ് ആകാശപാതയുടെ നിർമ്മാണം പുരോഗമിക്കുന്നത്.
നഗരസഭയുടെ നേതൃത്വത്തിൽ സ്മാർട്ട് സിറ്റിയുടെ ഭാഗമായി പഞ്ചാബിലെ ഫ്ളാറ്റ് നിർമ്മാതാക്കളായ സൺ ഇൻഫ്രാ കമ്പനിയാണ് സൗജന്യമായി പുതിയ ഫുട് ഓവർബ്രിഡ്ജുകൾ നിർമ്മിക്കുന്നത്. നഗരത്തിൽ സ്ഥാപിക്കുന്ന രണ്ടാമത്തെ കാൽനട മേൽപ്പാലമാണിത്. വഴുതക്കാട് കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു ആദ്യത്തെ ആകാശപാത നിർമ്മിച്ചത്. പട്ടം സെന്റ്മേരീസ് സ്കൂളിനു മുന്നിൽ നിന്ന് ആരംഭിക്കുന്ന ഓവർബ്രിഡ്ജ് റോഡിന് എതിർവശത്താണ് അവസാനിക്കുന്നത്. പാലത്തിന്റെ ബെയിസ്മെന്റിന്റെയും സെൻട്രൽ പില്ലറുകളുടെയും പണി പൂർത്തിയായതായി സൺ ഇൻഫ്രാ കമ്പനി അധികൃതർ വ്യക്തമാക്കി. ഇനി ടാറിംഗിന്റെയും ഫാബ്രിക്കേഷന്റെയും പണിയാണ് ബാക്കിയുള്ളത്.
ആകാശപാതയുടെ നിർമ്മാണം ഇങ്ങനെ തിരക്കേറിയ റോഡുകളിലെ അപകടങ്ങളൊഴിവാക്കാൻ വളരെ സഹായകരമാവും. മേൽപ്പാലത്തിന്റെ നിർമ്മാണം പ്രധാനമായും ഇരുമ്പ് ദണ്ഡുകളുപയോഗിച്ചുകൊണ്ടാണ്. പാലത്തിന്റെ വിവിധ ഭാഗങ്ങൾ നിർമ്മിച്ച ശേഷം, സ്കൂളിന് എതിർവശത്തെ നിർദ്ദിഷ്ട സ്ഥലത്തെത്തിച്ച് ഇത് കൂട്ടിച്ചേർത്ത് പാലമാക്കി മാറ്റുന്ന 'മേക്ക് ആൻഡ് ഫിറ്റ് ' രീതിയാണ് ഉപയോഗിക്കുന്നത്. രണ്ടടി വീതിയിലാവും പാലം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ മുന്നൂറ് കുട്ടികൾക്ക് ഒരേസമയം പാലത്തിലൂടെ കടന്നുപോവാൻ കഴിയും. ഗതാഗതത്തിന് തടസമില്ലാതെ പാലം നിർമ്മിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആകാശപാത യാഥാർത്ഥ്യമാവുന്നതോടെ കേശവദാസപുരം, പട്ടം മേഖലയിലെ ഗതാഗതക്കുരുക്കിന് ഭാഗികമായെങ്കിലും ഒരു പരിഹാരമാവുമെന്നാണ് കണക്കാക്കുന്നത്. സ്കൂൾ തുടങ്ങുന്ന സമയത്തും വിടുന്ന സമയത്തും ഈ മേഖലയിൽ അപകട സാദ്ധ്യത ഏറെയാണ്. എൽ.കെ.ജി മുതലുള്ള കുട്ടികൾ വൈകിട്ട് റോഡ് മുറിച്ചു കടക്കാനാണ് ഏറെ പ്രയാസപ്പെടുന്നത്.
" ബെയിസ്മെന്റിന്റെ പണി ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ക്രിസ്മസോടെ ഉദ്ഘാടനം നടത്തി മേൽപ്പാലം പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി തുറന്ന് കൊടുക്കും".
വി.കെ. പ്രശാന്ത്, മേയർ
" മേൽപ്പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. കേശവദാസപുരത്ത് വാഹനങ്ങൾ കൂടുതലായി പാർക്ക് ചെയ്യുന്നതിനാലാണ് കേശവദാസപുരം, പട്ടം മേഖലയിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ആകാശപാത വരുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് കരുതുന്നത്."
സ്റ്റെഫി ജെ. ജോർജ് , കൗൺസിലർ, കേശവദാസപുരം