തിരുവനന്തപുരം: സമരവും കോലാഹലങ്ങളുമല്ല ഇനി കോളേജിൽ എന്തൊക്കെ നടന്നാലും വ്യാഴം, വെള്ളി പ്രവൃത്തി ദിനങ്ങളിൽ യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക വി.എസ്. കൈകസിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടും.
ചോദ്യകർത്താക്കളും ഉത്തരം പറയുന്നവരുമൊക്കെയായി യുണീക് അല്ലെങ്കിൽ ക്വിസ് ക്ലബ് അരങ്ങു തകർക്കുമ്പോൾ ലാന്റേൺസ് എന്ന ഡിബേറ്റ് ക്ലബ് അംഗങ്ങളും ഒരിഞ്ച് വിട്ടുകൊടുക്കാതെ കസറും.
വിദ്യാർത്ഥികളിൽ പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യമുണ്ടാക്കാൻ എല്ലാ കലാലയങ്ങളിലും സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, മലയാളം ക്ലബ്, ഡിബേറ്റ് ക്ലബ്, ക്വിസ് ക്ലബ് എന്നിങ്ങനെ ക്ലബുകളുണ്ട്. ആദ്യത്തെ മാസങ്ങളിൽ വളരെ ഊർജസ്വലമായി പോകുന്ന ക്ലബുകളുടെ പ്രവർത്തനം പിന്നെ പേരിന് മാത്രമാണ് പലിയിടത്തും. എന്നാൽ യൂണിവേഴ്സിറ്റി കോളേജിലെ ക്ലബുകളുടെ കഥ വേറെ ലെവലാണ്. പ്രത്യേകിച്ച് ക്വിസ് ക്ലബിന്റെയും (യുണീക് ) ഡിബേറ്റ് ക്ലബിന്റെയും (ലാന്റേൺസ്).ഇരു ക്ളബിലും കൂടി ഇരുനൂറോളം കുട്ടികളുണ്ട്. അവകാശങ്ങൾ നേടിയെടുക്കാൻ മുദ്രാവാക്യം വിളിക്കാൻ മാത്രമല്ല, അന്താരാഷ്ട്ര തലങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനും പ്രാപ്തരാണെന്ന് വിദ്യാർത്ഥികൾ ഇതിനോടകം പലതവണ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റ് 4നാണ് ക്ലബുകളുടെ ഔദ്യോഗിക ഉദ്ഘാടനം കോളേജിൽ നടന്നത്.