വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ അവസാന ഘട്ട ഡ്രഡ്ജിംഗ് ജോലികൾക്കുള്ള ഡ്രഡ്ജർ ശാന്തിസാഗർ 11 കൊല്ലത്ത് എത്തിച്ചു. അടുത്ത ആഴ്ച വിഴിഞ്ഞത്ത് എത്തിക്കുന്നതോടെ തുറമുഖ നിർമ്മാണത്തിന് വേഗതയേറും. ജർമ്മൻ കപ്പലായ എം.വി. റെജീൻ എന്ന കപ്പലിലാണ് ഡ്രഡ്ജർ കൊല്ലത്തെത്തിച്ചത്. കപ്പലിലെ തന്നെ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് 450 ടൺ ഭാരമുള്ള ഡ്രഡ്ജറിനെ കരയ്ക്കിറക്കി. കൊല്ലത്തുവച്ച് തന്നെ ഡ്രഡ്ജറിനെ കൂട്ടിയോജിപ്പിക്കും. കപ്പലിൽ ഡ്രഡ്ജറിനൊപ്പം എത്തിച്ച ഷോർ ലൈൻ പൈപ്പുകൾ അടക്കമുള്ള ഉപകരണങ്ങൾ വിഴിഞ്ഞത്ത് ഉടൻ എത്തിക്കും.
തുറമുഖ നിർമ്മാണം തുടങ്ങിയ സമയത്ത് ആദ്യം എത്തിച്ച ശാന്തി സാഗർ 12നെ ഗുജറാത്തിലേക്ക് മടക്കി കൊണ്ടു പോയാൽ രണ്ടാമത്തെ ഡ്രഡ്ജറായ ശാന്തി സാഗർ 10 ഓഖി ചുഴലിക്കാറ്റിൽ കരയിലേക്ക് അടിച്ചു കയറ്റിയിരുന്നു.
ഇതിനെ തുടർന്ന് കേടായ ശാന്തി സാഗർ 10 നെ അറ്റകുറ്റപ്പണികൾക്കായി തിരികെ കൊണ്ടു പോകും.
കരിങ്കൽ നിക്ഷേപത്തിനായി ബോട്ടം ഓപ്പൺ ബാർജും ഒരു ട്രെയിലർ ബാർജും വിഴിഞ്ഞത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.