sabarimala
ചിത്തിര ആട്ടതിരുനാൾ വിശേഷാൽ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ പ്രായത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് അയ്യപ്പന്മാർ തടഞ്ഞ സ്ത്രീകൾ പിന്നീട് ദർശനം നടത്തുന്നു. ഫോട്ടോ അജയ് മധു

പമ്പ: ദർശനത്തിനെത്തിയ സ്ത്രീകളുടെ പ്രായത്തെ സംബന്ധിച്ച് സംശയം ഉയർന്നതിനെ തുടർന്ന് സന്നിധാനത്ത് സ്ത്രീകൾക്ക് നേരെ പ്രതിഷേധം. ചൊവ്വാഴ്‌ച രാവിലെ ഏഴ് മണിയോടെ ദർശനത്തിനെത്തിയ തൃശൂർ സ്വദേശിനിക്ക് അമ്പത് വയസ് തികഞ്ഞില്ലെന്ന് ആരോപിച്ചാണ് ഒരു സംഘം ഇവരെ തടഞ്ഞ് വച്ചത്. ഇരുമുടിക്കെട്ടില്ലാത്തതും പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. എന്നാൽ തനിക്ക് 52 വയസ് തികഞ്ഞതാണെന്ന് ഇവർ പറഞ്ഞെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ അവശത നേരിട്ട സ്ത്രീയെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാരുടെ ചിത്രം എടുക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി.

പിന്നീട് പൊലീസുകാരെത്തി സ്ത്രീകളുടെ പ്രായം സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് ഇവരെ ദർശനത്തിനായി സന്നിധാനത്തേക്ക് പോകാൻ അനുവദിച്ചത്. ഭക്തരുടെയും പൊലീസിന്റെയും സുരക്ഷാ അകമ്പടിയോടെയാണ് ഇവർ ദർശനത്തിനെത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാൽ മറ്റൊരു വഴിയിലൂടെയാണ് ഇവർക്ക് ദർശനമൊരുക്കിയത്. മകന്റെ കുട്ടിയുടെ ചോറൂണ് നടത്താനാണ് താൻ സന്നിധാനത്തെത്തിയതെന്ന് ഇവർ പിന്നീട് വ്യക്തമാക്കി. 52 വയസാണ് തന്റെ പ്രായം.പമ്പയിൽ നിന്നും നടപ്പന്തലിൽ നിന്നും പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായതെന്നും ഇവർ വ്യക്തമാക്കി.