saradakutty

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ വിവാദമായ പ്രസംഗത്തിന് പുതിയ വ്യാഖ്യാനവുമായി ശാരദക്കുട്ടി. പി.എസ് ശ്രീധരൻ പിള്ളയുടെ പ്രസംഗം കേട്ടപ്പോൾ ശ്രീ അയ്യപ്പൻ എന്ന സിനിമയിൽ താൻ കണ്ട പന്തളത്ത് അമ്മ മഹാറാണിക്ക് കുബുദ്ധി ഉപദേശിച്ച് കൊടുത്ത മന്ത്രിയെയാണ് ഓർമ്മ വരുന്നത്. നമ്മൾ സെറ്റ് ചെയ്തപോലെ അജണ്ടയിലേക്ക് ഓരോരുത്തരായി വീണെന്നും, ഇതൊരു സുവർണാവസരമാണെന്നുമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പ്രസംഗിച്ചത്. ചരിത്രസംഭവങ്ങൾ ഇരുവട്ടം വരുമെന്ന ഹെഗലിന്റെ വാക്കുകളാണ് ഇവിടെ പ്രസക്തമാവുന്നത്, ഒരിക്കൽ ദുരന്തമായാണെങ്കിൽ പിന്നീടു കോമാളിത്ത പ്രകടനമായിട്ടായിരിക്കും വരിക എന്ന് പിന്നീടിതിനെ മാർക്സ് തിരുത്തിയിട്ടുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ജനശബ്ദമാണ് ദൈവശബ്ദം എന്നു തെളിയുകയാണോ എന്ന് ചോദിക്കുന്ന അവർ വിശ്വാസികൾ ജാഗ്രത പാലിക്കണം എന്നും അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പണ്ട് ശ്രീ അയ്യപ്പൻ സിനിമയിൽ കേട്ട ഡയലോഗ് പോലെ...മുത്തയ്യ ആയിരുന്നു അന്ന് മന്ത്രി എന്നു തോന്നുന്നു.. പന്തളത്തു മഹാറാണിക്ക് കുബുദ്ധി ഉപദേശിച്ചു കൊടുത്ത അയാൾ പറഞ്ഞതും ഇങ്ങനെയെന്തോ ആയിരുന്നു.

''ഇതൊരു സുവർണാവസരമാണ്. നമ്മുടെ കയ്യിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മള് സെറ്റ് ചെയ്ത അജണ്ടയിലേക്ക് ഓരോരുത്തരായി വീണു.' പി.എസ് ശ്രീധരൻ പിള്ള

ചരിത്ര സംഭവങ്ങൾ ഇരുവട്ടം വരുമെന്നു ഹെഗൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ദുരന്തമായാണെങ്കിൽ പിന്നീടു കോമാളിത്ത പ്രകടനമായിട്ടായിരിക്കും വരിക എന്ന് മാർക്സ് അതിനെ തിരുത്തിയിട്ടുമുണ്ട്. വിശ്വാസികൾ ജാഗ്രത പാലിക്കുക.

ജനശബ്ദമാണ് ദൈവശബ്ദം എന്നു തെളിയുകയാണോ?