തിരുവനന്തപുരം: ഭക്തരുടെ വഴിതടഞ്ഞും ഫോൺവിളി തടയാൻ ജാമറുകൾ സ്ഥാപിച്ചും കമാൻഡോകളെയും ദ്രുതകർമ്മസേനയെയും വിന്യസിച്ചുമുള്ള പുതിയ ശബരിമല സുരക്ഷാക്രമീകരണം മണ്ഡലകാലത്ത് നടപ്പാക്കാൻ പ്രയാസമായതിനാൽ പുതിയ പദ്ധതി നടപ്പാക്കാൻ പൊലീസ് ആലോചിക്കുന്നു. ചിത്തിര ആട്ടവിശേഷത്തിന് ഒരുദിവസം നടതുറന്നപ്പോൾ, സുരക്ഷയുടെ പേരിൽ അന്യസംസ്ഥാന തീർത്ഥാടകരെയടക്കം എരുമേലിയിലും വിദൂരപ്രദേശങ്ങളിലും മണിക്കൂറുകളോളം തടഞ്ഞിട്ടത് കൂട്ട പ്രതിഷേധങ്ങൾക്ക് വഴിവച്ചു.
അഞ്ചരക്കോടിയിലേറെ ഭക്തരെത്തുന്ന മണ്ഡലമകരവിളക്കു കാലത്ത് 63 ദിവസത്തോളം ഇത്രയും നിയന്ത്രണങ്ങൾ ഫലപ്രദമാവില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. ഇന്നലെ നടപ്പാക്കിയ സുരക്ഷാസ്കീമിൽ മാറ്റങ്ങൾ വേണ്ടിവരുമെന്നും മണ്ഡലകാലത്തേക്ക് പുതിയ സ്കീം വരുമെന്നും പൊലീസ് മേധാവി ലോക്നാഥ് ബെഹ്ര 'കേരളകൗമുദി'യോട് പറഞ്ഞു.
പമ്പ മുതൽ സന്നിധാനം വരെയുള്ള നാലരകിലോമീറ്റർ സുരക്ഷാഇടനാഴിയാക്കി, സേനയെ വിന്യസിച്ച്, ബാരിക്കേഡുകളും നിരീക്ഷണ കാമറകളും നിറയ്ക്കുന്നതാണ് പൊലീസിന്റെ സുരക്ഷാപദ്ധതി. മകരവിളക്കിനു മാത്രം 30ലക്ഷത്തിലേറെ ഭക്തരെത്തും.
പ്രതിവർഷം 20ശതമാനം തീർത്ഥാടകർ വർദ്ധിക്കുന്നുമുണ്ട്. ഇന്നലെ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ അതേപടി തുടർന്നാൽ മണ്ഡലകാലത്ത് അത്യാഹിതങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ. നാലുഘട്ടമായി 20,000 പൊലീസുകാരെയാണ് മണ്ഡലകാലത്ത് സുരക്ഷയ്ക്ക് നിയോഗിക്കാറുള്ളത്. പുതിയസ്കീമിൽ 2300 പൊലീസും കമാൻഡോകളടക്കം സായുധവിഭാഗങ്ങളുമുണ്ട്. 63ദിവസം ഇത്രയും സേനാവിന്യാസം ശ്രമകരമായിരിക്കുമെന്നും മുൻ ഡി.ജി.പിയും പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടി അംഗവുമായ കെ.എസ്. ബാലസുബ്രഹ്മണ്യനും പറയുന്നു. സന്നിധാനത്ത് ജാമറുകളുപയോഗിച്ച് മൊബൈൽ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാനുള്ള പദ്ധതിയും പൊലീസ് പുനഃപരിശോധിച്ചേക്കും.
കൈയിൽ കൊണ്ടുപോകുന്ന ചെറിയ ബാഗിൽ സിംകാർഡുകളുപയോഗിക്കുന്ന അത്യാധുനിക സംവിധാനത്തിലൂടെയാണ് ചാനലുകൾ തത്സമയ സംപ്രേഷണം നടത്തുന്നത്. ശബരിമലയിൽ നടക്കുന്നത് പുറംലോകം അറിയാതിരിക്കാനാണ് ജാമറുകളെന്ന് ആരോപണമുയർന്നിട്ടുണ്ട്. ശബരിമലയിലുള്ള രാഷ്ട്രീയനേതാക്കളടക്കമുള്ളവരുടെ ഫോൺവിളികൾ 24മണിക്കൂറും പൊലീസ് നിരീക്ഷിക്കുകയാണ്.
കൂടുതൽ വനിതാപൊലീസും വേണം
അഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടും വനിതാപൊലീസിനെ ഇതുവരെ അയച്ചിട്ടില്ല. 3140വനിതാ സിവിൽ പൊലീസുകാരാണ് ആകെയുള്ളത്. 200ട്രെയിനികളും ഓഫീസർമാരുമടക്കം പരമാവധി 4100പേരെ ലഭ്യമാക്കാം. 700അംഗങ്ങളുള്ള വനിതാബറ്റാലിയനെയും 48പേരുള്ള വനിതാ കമാൻഡോസംഘത്തെയും നിയോഗിക്കാം. എന്നാൽ പുതിയ സുരക്ഷാസ്കീം പ്രകാരമുള്ള വിന്യാസത്തിന് ഇത്രയും വനിതാപൊലീസ് മതിയാവില്ല. മണ്ഡലകാലത്ത് കാനനപാതയിലുടനീളം വനിതാപൊലീസുകാരെയും അവർക്ക് സംരക്ഷണത്തിന് പുരുഷപൊലീസിനെയും വൻതോതിൽ നിയോഗിക്കണം.നാലുമണിക്കൂർ കാട്ടുപാതതാണ്ടി പുൽമേടുവഴിയുള്ള കാനനപാതയിലും സുരക്ഷയൊരുക്കേണ്ടിവരും.