തിരുവനന്തപുരം: ശബരിമല തന്ത്രി കണ്‌ഠരര് രാജീവരര് നിയമോപദേശം തേടി തന്നെ സമീപിച്ചെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ വാദത്തെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ രംഗത്ത്. 'നിയമോപദേശമൊന്നും തന്ത്രി ചോദിച്ചിട്ടുണ്ടാകില്ല. രാഷ്‌ട്രീയപരമായ ഇടപെടലുകൾ ശബരിമലയിൽ നടന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. അയ്യപ്പനെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ പാടില്ല. ശബരിമലയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏതറ്റം വരെയും പോകും' -ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
'ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ പൂർണ അവകാശം ദേവസ്വം ബോർഡിന് തന്നെയാണ്. ക്ഷേത്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പടിത്തറ വ്യവസ്ഥയുണ്ട്. അതനുസരിച്ചാണ് ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നത്' -പദ്‌മകുമാർ പറഞ്ഞു.
ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മറുപടി ഇപ്രകാരമായിരുന്നു- 'ശബരിമലയിൽ മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായാൽ അതിൽ സർക്കാരിന് മാത്രമാണ് ഉത്തരവാദിത്വം. ദേവസ്വം ബോർഡിന് അതിൽ യാതൊരു കാര്യവുമില്ല'- പദ്‌മകുമാർ വ്യക്തമാക്കി.