നിലയ്‌ക്കൽ: സ്വകാര്യ വാഹനങ്ങളിൽ പമ്പയിലേക്ക് പോകണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ ബി.ജെ.പി നേതാക്കളും പൊലീസുമായി വാക്കുതർക്കവും പ്രതിഷേധവും. നിലവിൽ നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. എന്നാൽ 127 സ്വകാര്യ വാഹനങ്ങൾ പൊലീസ് നിലയ്‌ക്കലിലേക്ക് കടത്തിവിട്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കളായ എ.എൻ.രാധാകൃഷ്‌ണൻ, പി.കെ.കൃഷ്‌ണദാസ് തുടങ്ങിയവർ പൊലീസിനെ സമീപിക്കുകയായിരുന്നു. തങ്ങളുടെ വാഹനങ്ങളും കടത്തിവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയും കൂട്ടത്തിലുണ്ടായിരുന്നു.
അതേസമയം, നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാനാവില്ലെന്നും സഹകരിക്കണമെന്നും പൊലീസ് ഇവരോട് പറഞ്ഞെങ്കിലും അംഗീകരിക്കാൻ തയ്യാറായില്ല. തങ്ങളുടെ വാഹനങ്ങൾ കടത്തിവിടില്ലെന്നാണ് ഇവരുടെ നിലപാട്.തങ്ങൾ അറിയപ്പെടുന്ന ആളുകളാണെന്നും പൊതുപ്രവർത്തകരാണെന്നും ഇവർ പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് വിട്ടുവീഴ്‌ചയ്ക്ക് തയ്യാറായില്ല. ഒടുവിൽ കെ.എസ്.ആർ.ടി.സി ബസിലാണ് ഇവർ പമ്പയിലേക്ക് പോയത്. ഭക്തജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാതെ പൊലീസും സർക്കാരും പീഡിപ്പിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പയിലേക്ക് വാഹനം കടത്തിവിടാത്തതെന്ന് വ്യക്തമാക്കണം. ചില വി.ഐ.പികൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നു. അങ്ങനെയെങ്കിൽ തങ്ങളെയും പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചത് സി.പി.എമ്മുകാർ
സന്നിധാനത്തും മറ്റും മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ചതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും രാധാകൃഷ്ണൻ ആരോപിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സർക്കാരിന് പങ്കുണ്ട്. മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലീസാണെന്നും രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.