karnataka-election

ബംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടന്ന കർണാടകയിലെ അഞ്ചിൽ നാല് മണ്ഡലങ്ങളിലും കോൺഗ്രസ് - ജെ.ഡി.എസ് സ്ഥാനാർത്ഥികൾക്ക് വിജയം. മൂന്ന് ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചന പുറത്ത് വരുമ്പോൾ ബി.ജെ.പിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസ് ജെ.ഡി.എസ് സഖ്യമാണ് മുന്നേറുന്നത്. ഷിമോഗ,​ ബെല്ലാരി,​ മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര,​ ജമഗണ്ഡി നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

ബി.ജെ.പിയുടെ യദ്യൂരപ്പ,​ ശ്രീരാമലു,​ ജെ.ഡി.എസിന്റെ സി.എസ് പുട്ടരാജു എന്നിവർ നിയമസഭയിലേക്ക് വിജയിച്ചതിന് പിന്നാലെ പാർലമെന്റ് അംഗത്വം രാജിവെച്ചിരുന്നു തുട‌ർന്നാണ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് രാമനഗര മണ്ഡലത്തിൽ മത്സരിക്കുന്നത്. ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായ എൽ.ചന്ദ്രശേഖർ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോൾ പത്രിക പിൻവലിച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇതും ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ബെല്ലാരിയിൽ വി.എസ്.ഉഗ്രപ്പ(കോൺഗ്രസ്)​ ശിവമോഗയിൽ ബി.വൈ രാഘവേന്ദ്ര(ബി.ജെ.പി)​ മാണ്ഡ്യയിൽ ശിവരാമ ഗൗഡ (ജെ.ഡി.എസ്)​ എന്നിവരാണ് ലീഡ് നിലയിൽ മുന്നിൽ നിൽക്കുന്നത്. കോൺഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് നാലും ബി.ജെ.പിക്ക് ഒന്നുമാണ് ലീഡ് നില.

ബി.ജെ.പിക്ക് ആശ്വാസം

യെദിയൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമോഗയിൽ മാത്രമാണ് ബി.ജെ.പി ലീഡ് നില നിലനിർത്തുന്നത്.