ramesh-chennithala-

തിരുവനന്തപുരം: വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിൻകര ഡിവൈ.എസ് പി ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതി ക്രൂരമായ നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മരിച്ച സനൽകുമാറിനെ വാക്ക് തർക്കത്തിനിടെ ഡിവൈ.എസ് പി ഹരികുമാർ മറ്റൊരു വാഹനത്തിന് മുന്നിലേക്ക് പിടിച്ച് തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ് പറയുന്നുണ്ട്. സ്വകാര്യ സന്ദർശനത്തിനെത്തിയ ഡിവൈ.എസ് പിക്ക് തന്റെ വാഹനം എടുക്കാൻ കഴിയാത്ത വിധത്തതിൽ തന്റെ വണ്ടി പാർക്ക് ചെയ്തു എന്ന് ആരോപിച്ചാണ് ഡിവൈ.എസ് പി ഹരികുമാർ സനലിനെ മറ്റൊരു വാഹനത്തിന് പിന്നിലേക്ക് പിടിച്ച് തളളിയത്.

ഡിവൈ.എസ് പിയെ കേസിൽ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡിവൈ.എസ് പിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. അറസ്റ്റ് വൈകിപ്പിച്ച് തെളിവുകൾ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മരിച്ച സനൽകുമാറിന്റെ ഭാര്യക്കും സർക്കാർ ജോലി നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും നൽകണം. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിരപരാധികളായ നിരവധി പേരുടെ ജീവനുകൾ പൊലീസിന്റെ അതിക്രമത്താൽ പൊലിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒളിച്ചോടാൻ കഴിയില്ലന്നും ചെന്നിത്തല വ്യക്തതമാക്കി.