vs-rajesh
vs rajesh

ന്യൂഡൽഹി: പത്രപ്രവർത്തന രംഗത്തെ മികവിനുള്ള പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ അവാർഡിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് അർഹനായി. വികസനോന്മുഖ റിപ്പോർട്ടിംഗിനാണ് പത്രപ്രവർത്തന രംഗത്തെ ദേശീയ ബഹുമതി രാജേഷിനെ തേടിയെത്തിയത്. കേരളകൗമുദിയിൽ കഴിഞ്ഞ വർഷം ജനുവരി 23 മുതൽ 29 വരെ പ്രസിദ്ധീകരിച്ച ജീവൻ രക്ഷയിലും കച്ചവടം എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. ഹൃദയ ചികിത്സയ്‌ക്കുള്ള സ്‌റ്റെന്റ് വില്പനയിലെ കൊള്ളയെക്കുറിച്ചുള്ള ഈ പരമ്പര പാർലമെന്റിൽ ചർച്ചയാവുകയും സ്‌റ്റെന്റിന്റെ വില ഗണ്യമായി കുറയ്‌ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. അരലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന അവാർഡ് നാഷണൽ പ്രസ് ഡേ ആയ നവംബർ 16ന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഹിന്ദു ദിനപത്രത്തിന്റെ ചെയർമാൻ എൻ. റാമിന് സമഗ്ര സംഭാവനയ്ക്കുള്ള രാജാറാം മോഹൻ റോയ് അവാർഡ് ലഭിച്ചു. വിവിധ മേഖലകളിലുള്ള മറ്റ് അവാർഡുകൾ ഉത്തരേന്ത്യയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർക്കാണ്. രാജ്യത്തെ പ്രമുഖ പത്രാധിപന്മാരും ജേർണലിസം അദ്ധ്യാപകരും അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

ഈ പരമ്പരയ്‌ക്ക് രാജേഷിന് നിയമസഭാ മാദ്ധ്യമ അവാർഡ് അടക്കം മൂന്ന് പുരസ്‌കാരങ്ങൾ ഇതിനോടകം ലഭിച്ചിരുന്നു. 2005ൽ കോളിളക്കം സൃഷ്‌ടിച്ച എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച പുറത്ത് കൊണ്ടുവന്നതിന് രാജേഷിന് രാഷ്ട്രപതിയിൽ നിന്നടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൊല്ലം കടപ്പാക്കട കൈരളിയിൽ പരേതരായ വി.കെ. വാസുക്കുട്ടി പണിക്കരുടെയും പി. സതീദേവിയുടെയും മകനാണ്. തിരുവനന്തപുരം വെള്ളനാട് ഗവൺമെന്റ് സ്‌കൂൾ അദ്ധ്യാപിക എസ്.എസ്. ദീപയാണ് ഭാര്യ. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി രാജ് ദീപ് ശ്രീധർ മകനാണ്.