വികസനത്തെ സംബന്ധിച്ച വികലമായ കാഴ്ചപ്പാടുകളിൽ നിന്നാണ് കേരളത്തിൽ എൻഡോസൾഫാൻ ദുരന്തമുണ്ടാകുന്നത്. ഒരു നാടിനെ ഒന്നടങ്കം വേദനയിലും കണ്ണീരിലും തള്ളിവിട്ട ആ മഹാവിപത്തിന്റെ വേരുകൾ ഇന്നും മനുഷ്യനിലേക്ക് ആഴ്ന്ന് ഇറങ്ങുകയാണ്. ഇനിയും ആ ജനതയുടെ കണ്ണുനീർ തോർന്നിട്ടില്ല. വന്നുപെട്ട ദുരന്തത്തെ നേരിടാൻ പ്രാപ്തമായെങ്കിൽ കൂടിയും അതിനുള്ള ബാഹ്യ സാഹചര്യങ്ങൾ പലതും അവർക്കില്ല എന്നതാണ് പ്രധാന വവികസനത്തെ സംബന്ധിച്ച വികലമായ കാഴ്ചപ്പാടുകളിൽ നിന്നാണ് കേരളത്തിൽ എൻഡോസൾഫാൻ ദുരന്തമുണ്ടാകുന്നത്. ഒരു നാടിനെ ഒന്നടങ്കം വേദനയിലും കണ്ണീരിലുംസ്തുത. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് അർഹതപ്പെട്ട നീതി തേടി ആയിരങ്ങൾ ഇപ്പോഴും കാത്തുകിടക്കുകയാണ്. ഇവരുടെ ഇന്നത്തെ അവസ്ഥ നേരിട്ടറിയാൻ അധികാരികളുടെ കണ്ണുതുറപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് നേർക്കണ്ണ് അന്വേഷണത്തിനിറങ്ങുന്നു.
വിദഗ്ധരായ ഡോക്ടർമാരുടെ അഭാവത്താൽ ഒരു കുട്ടിയുടെ ജീവൻ ഈയടുത്ത് ഇവിടെ നഷ്ടമായിരുന്നു. രോഗതീവ്രത ഇത്രത്തോളമുള്ള ഒരു പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ചികിത്സാ കേന്ദ്രങ്ങളില്ല. വൈകല്യങ്ങളുമായി ജനിച്ച മകനെ അല്ലെങ്കിൽ മകളെയുമെടുത്ത് കണ്ണൂരേയ്‌ക്കോ മംഗലാപുരത്തേയ്‌ക്കോ ഓടേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. എൻഡോസൾഫാൻ ബാധിതർക്കായി രൂപംകൊണ്ട പല സ്ഥാപനങ്ങളും ഇന്ന് പ്രവർത്തിക്കുന്നത് പേരിനു വേണ്ടി മാത്രമാണ്. സർക്കാർ അധീനതയിൽ കുട്ടികൾക്കായി തുടങ്ങിയ ബഡ്സ് സ്‌കൂളുകളിൽ സ്പീച്ച് തെറാപ്പിസ്റ്റോ വൈദഗ്ധ്യം നേടിയ ജീവനക്കാരോ ഇല്ല. പിന്നെന്തിന് ഇങ്ങനെയോരു സ്ഥാപനമെന്നാണ് ഓരോ രക്ഷിതാക്കളുടേയും ചോദ്യം. തന്റേത് അല്ലാത്ത കാരണത്താൽ ഇരകളാക്കപ്പെട്ട ഓരോരുത്തരേയും കാണുമ്പോൾ അവഗണനയുടേയും നീതി ലംഘനങ്ങളുടേയും വസ്തുതകളാണ് പുറത്തുവന്നത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദുരന്തം ബാധിക്കപ്പെട്ട വലിയൊരു വിഭാഗത്തെ മാറ്റി നിറുത്തപ്പെടുകയാണിവിടെ.
ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടാതെ വന്നതോടെ സർക്കാരിൽ നിന്നുള്ള ഒരാനുകൂല്യങ്ങളും ഇവർക്ക് ലഭിക്കാതെയായി. ജീവനുള്ള തെളിവ് മുന്നിൽ ഉണ്ടായിട്ടും അധികാരികൾക്ക് ബോധ്യമാകുന്നില്ല. വൈകല്യം ബാധിച്ച കുട്ടികളുമായി എന്ത് ചെയ്യണമെന്ന് അറിയാതെ നോക്കി നിൽക്കുകയാണ്. ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ഏറെ പേരുടേയും സ്ഥിതി ഉൾപ്പെടാത്തതിനു സമാനമാണ്. പകുതിയിൽ അധികം പേർക്കും പ്രഖ്യാപിച്ച തുക കിട്ടാനുണ്ട്. മൂന്നു മാസമായി പെൻഷൻ മുടങ്ങിയിട്ട്.
പ്രതിമാസം നൽകേണ്ട തുച്ഛമായ തുക പോലും സർക്കാരുകൾക്ക് നൽകാൻ ആകുന്നില്ലെങ്കിൽ പിന്നെ എന്ത് ജനസേവനമാണ്. എൻഡോസൾഫാൻ ദുരിത ബാധിതർ നേരിടുന്ന അവഗണനയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. ഇരകൾക്ക് അർഹമായ ആനുകൂല്യം നൽകണമെന്ന സുപ്രീംകോടതിയുടേയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റേയും ഉത്തരവ് പാലിക്കാൻ ഇരുകൂട്ടരും ബാധ്യസ്ഥരാണ്. സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയാൽ മാത്രമേ നീതി നൽകു എന്ന നിലപാട് ഇവിടേയെങ്കിലും ഒഴിവാക്കേണ്ടതുണ്ട്.