1. ശബരിമലയുടെ നിയന്ത്രണം പൊലീസിന്റെ കൈയിൽ തന്നെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല. പ്രശ്‌നക്കാരുടെ തന്ത്രങ്ങൾ വിലപോക്കില്ലെന്നും മുഖ്യമന്ത്രി. പ്രതികരണം, ശബരിമലയിൽ ദർശനത്തിന് എത്തിയ 52 വയസുള്ള സ്ത്രീകളെ പ്രതിഷേധക്കാർ തടഞ്ഞതിന് പിന്നാലെ.
2. നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പിയും ഉള്ള തർക്കത്തിനിടെ യുവാവ് മരിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് എന്ന് മുഖ്യമന്ത്രി. ആവശ്യമായ ഗൗരവത്തോട് കേസ് അന്വേഷിക്കും. ഡിവൈ.എസ്.പിയെ ഹരികുമാറിനെ സസ്‌പെൻഡ് ചെയ്യുന്നു എന്നും കൊലപാതകം എ.എസ്.പി അന്വേഷിക്കും എന്നും മുഖ്യമന്ത്രി.
3. ശബരിമലയിലെ നടപ്പന്തലിൽ സ്ത്രീകൾക്ക് നേരെ വീണ്ടും പ്രതിഷേധം. ഇരുമുടി കെട്ട് ഇല്ലാതെ വരുന്ന സ്ത്രീകളെ നടപ്പന്തലിൽ തടയുന്നു. സ്ത്രീകളുടെ സംഘമാണ് നടപ്പന്തലിൽ ഇവരെ തടഞ്ഞ് തിരിച്ചയച്ചത്. രാവിലെ ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയതിനെ തുടർന്ന് പ്രതിഷേധം നേരിട്ട സ്ത്രീകൾ പിന്നീട് ദർശനം നടത്തിയിരുന്നു. എത്തിയവർക്ക് 50 വയസ് കഴിഞ്ഞു എന്ന് ബോധ്യപ്പെട്ടതോടെ ആണ് പ്രതിഷേധം അവസാനിപ്പിച്ചത്.
4. പമ്പാ ഗണപതി ക്ഷേത്രത്തിൽ കൊച്ചുമകന്റെ ചോറൂണിന് എത്തിയ സ്ത്രീയ്ക്ക് 50 വയസ് കഴിഞ്ഞു എന്ന് ബന്ധുക്കൾ അറിയിച്ചു എങ്കിലും പ്രതിഷേധക്കാർ അത് കൂട്ടാക്കാൻ തയ്യാറായിരുന്നില്ല. പ്രായത്തിൽ വ്യക്തത വന്നതോടെ നാമജപ പ്രതിഷേധവും അവസാനിപ്പിച്ചു. ലളിതയ്ക്കു നേരെ കയ്യേറ്റ ശ്രമം ഉണ്ടായി എന്ന് ഭർത്താവ് രവി. പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 200 പേർക്ക് എതിരെ പൊലീസ് കേസ്. ശബരിമല ആചാരപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മ കുമാർ.
5. ഇത്തരം കാര്യങ്ങളിൽ ദേവസ്വം ബോർഡ് തന്നെ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ശബരിമലയിലെ ഒരു കാര്യങ്ങളിലും സർക്കാർ ഇടപെടരുത് എന്ന് പറയുന്നത് അംഗീകരിക്കാൻ ആകില്ല എന്നും പദ്മകുമാർ. അതിനിടെ, പ്രതിഷേധത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകർക്കു നേരേയും കയ്യേറ്റം. പൊലീസ് ഏയ്ഡ് പോസ്റ്റിന്റെ മുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാതൃഭൂമി ലേഖകന് നേരെ കസേര വലിച്ചെറിഞ്ഞ അക്രമികൾ അമൃത ന്യൂസ് ചാനൽ കാമറാമാനെ സന്നിധാനത്ത് മർദ്ദിച്ചു.
6. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും കുരുക്ക്. കേസിലെ പ്രധാന തെളിവുകളിൽ ഒന്നായ ലാപ്‌ടോപ് ഹാജരാക്കാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഫ്രാങ്കോയ്ക്ക് എതിരെ കേസ് എടുക്കാൻ പൊലീസ് നീക്കം. ലാപ്‌ടോപ് ഹാജരാക്കാൻ ഫ്രാങ്കോ കൂടുതൽ സമയം ആവശ്യപ്പെട്ടതായും സൂചന.
7. കന്യാസ്ത്രീക്ക് എതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്‌ടോപ്പാണ് അന്വേഷണം സംഘം ഹാജരാക്കാൻ ആവശ്യപ്പെട്ടത്. 2016ൽ ഡൽഹിയിൽ താമസിക്കുന്ന ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്ക് എതിരെ പരാതി നൽകിയിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു എന്നും ഫ്രാങ്കോ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിൽ പരാതി നൽകിയ ശേഷം കന്യാസ്ത്രീക്ക് എതിരെ നടപടി കത്ത് തയ്യാറാക്കി എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
8. മന്ത്രി കെ.ടി ജലീലിന് എതിരായ കേസിൽ മന്ത്രി ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. നിയമനം വിവാദമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദീബിനെ മാറ്റാൻ ഒരുങ്ങുന്നത്. മന്ത്രി കെ.ടി ജലീൽ തന്നെ മുൻ കയ്യെടുത്താണ് നീക്കങ്ങൾ. ബന്ധു നിയമന കാര്യത്തിൽ മന്ത്രിക്കെതിരായ വികാരമാണ് സി.പി.എം മലപ്പുറം ജില്ലാ നേത്യത്വത്തിനും.
9. വിഷയത്തിൽ യൂത്ത് ലീഗ് ഉയർത്തി വിട്ട ആരോപണങ്ങൾ വലിയ വിവാദമായ സാഹചര്യത്തിലാണ് വിഷയത്തിൽ നിന്ന് തലയൂരാനുള്ള നീക്കങ്ങൾ മന്ത്രിയുടെ നേത്യത്വത്തിൽ നടക്കുന്നത്. പിന്തുണ തേടി കെ.ടി ജലീൽ ചില സി.പി.എം നേതാക്കളെ സമീപിച്ചപ്പോൾ ആദ്യം അദീബിനെ ഒഴിവാക്കണമെന്ന നിർദ്ദേശമാണ് അവർ മുന്നോട്ട് വച്ചത് എന്ന് വിവരം. വിവാദം ഒഴിവാക്കാൻ മാദ്ധ്യമങ്ങളെ കാണരുതെന്ന കർശന നിർദ്ദേശവും അദീബിന് നൽകിയിട്ടുണ്ട്.
10. അമേരിക്കയിൽ ഇന്ന് ഇടക്കാല തിരഞ്ഞെടുപ്പ്. 20 മാസത്തെ ട്രംപ് ഭരണത്തിന്മേലുള്ള ഹിത പരിശോധനയ്ക്ക് അമേരിക്ക വേദിയാകുന്നു. ചരിത്രത്തിലെ വാശി നിറഞ്ഞ പോരാട്ടം ട്രംപ് ഭരണത്തിന്റെ വിലയിരുത്തലാകും. 435 അംഗ ജനപ്രതിനിധി സഭയിലേക്കും 35 സെനറ്റ് സീറ്റുകളിലേക്കും ജനങ്ങൾ ഇന്ന് വിധിയെഴുതും. അവസാന മണിക്കൂറുകളിൽ വരുന്ന അഭിപ്രായ സർവേകൾ ഡെമോക്രാറ്റുകൾക്ക് അനുകൂലമാണ്.