padmakumar-sankardas

തിരുവനന്തപുരം: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി ഉപദേശം തേടിയെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിൽ തന്ത്രി കണ്‌ഠരര് രാജീവരരോട് ദേവസ്വം ബോർഡ് വിശദീകരണം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് മെമ്പർ ശങ്കർദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ നേരത്തെ തന്ത്രിയെ അനുകൂലിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ രംഗത്തെത്തിയിരുന്നു. ഇത് തള്ളികൊണ്ടാണ് പുതിയ നീക്കം.

തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ യുവതികൾ സന്നിധാനത്തിന് അടുത്തെത്തിയ സമയത്ത് നടഅടച്ചിടുന്നത് സംബന്ധിച്ച് ശബരിമല തന്ത്രി ഉപദേശം തേടിയെന്നായിരുന്നു പി.എസ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. ഇത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. എന്നാൽ താൻ ബി.ജെ.പി അദ്ധ്യക്ഷനുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് തന്ത്രിയുടെ പ്രതികരണം. ഇത് തള്ളികൊണ്ടാണ് ബോർഡ് വിശദീകരണമാവശ്യപ്പെട്ടത്. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ നടപടി എടുക്കുമെന്നും ശങ്കർദാസ് വ്യക്തമാക്കി.