''അതുകൊണ്ട്...' വാസു പിന്നെയും നാവനക്കി, എനിക്ക് ജന്മം തന്ന എന്റെ അമ്മ. അവർ ചീത്തയോ നല്ലതോ എന്നതല്ല ഇവിടത്തെ പ്രശ്നം....''
''അമ്മിണി ചേച്ചി ചീത്തയാണെന്ന് ഞങ്ങളാരും പറഞ്ഞില്ലല്ലോ.''
രാഹുൽ പെട്ടെന്നു പറഞ്ഞു.
''നിങ്ങൾ പറഞ്ഞെന്ന് ഞാനും പറഞ്ഞില്ല രാഹുൽ.'' കരടി വാസുവിന്റെ ശബ്ദം രണ്ട് കല്ലുകൾ ചേർത്ത് ഉരയ്ക്കുന്നതു പോലെയായി
''പക്ഷേ നിങ്ങളുടെയൊക്കെ ഉള്ളിൽ അങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം.''
രാജസേനനും രാഹുലും ഒന്നുകൂടി പരസ്പരം നോക്കി.
അവർക്കിടയിലേക്ക് വാസുവിന്റെ ശബ്ദം ചിതറിവീണു.
''കൂടുതൽ സംസാരിക്കാനുള്ള താൽപ്പര്യമോ സമയമോ എനിക്കില്ല. അതിനാൽ ഞാൻ പറയാൻ വന്നതു പറഞ്ഞേക്കാം. എന്റെ അമ്മ നിങ്ങൾ പറഞ്ഞതുപോലെ അബദ്ധത്തിൽ മരിച്ചതോ അല്ലാതെയോ ആയിക്കോട്ടെ. പക്ഷേ എനിക്ക് നഷ്ടപരിഹാരം കിട്ടണം.'
രാജസേനന്റെയും രാഹുലിന്റെയും നെറ്റി ചുളിഞ്ഞു. കരടി വാസു അത്ശ്രദ്ധിച്ചില്ല.
''നിങ്ങൾക്ക് എനിക്കൊരമ്മയെ തരാൻ കഴിയില്ല. അതിനാൽ തന്നെ എന്റെ ആവശ്യം ന്യായമാണ്. എന്റെ അമ്മയ്ക്കുള്ള കോമ്പൻസേഷൻ.... അത് എത്ര തന്നാലും മതിയാവില്ല എന്ന് എനിക്കറിയാം. പക്ഷേ ഒരു കണക്കു വേണമല്ലോ എല്ലാത്തിനും?''
''നിനക്ക് ... നിനക്ക് എത്ര വേണമെന്നാണു പറയുന്നത്?''
രാജസേനന്റെ വാക്കുകളിൽ പുച്ഛവും നീരസവും തിങ്ങി.
കരടി വാസുവിന് ഒരുപാട് ചിന്തിക്കാനില്ലായിരുന്നു. അയാൾ അറിയിച്ചു
''ഒരു കോടി.''
''ങ്‌ഹേ?'
രാജസേനനും മകനും വാ പിളർന്നുപോയി.
''എത്രയെന്നാ പറഞ്ഞത്?''
രാജസേനൻ അവിശ്വസനീയതയോടെ തിരക്കി.
''ഒരു കോടി.'' വാസു ആവർത്തിച്ചു.
രാഹുലിനു ചിരി വന്നു.
''ഈ കോടിയുടെ കണക്കൊന്നും നിനക്കറിയത്തില്ലേ വാസൂ''
അവൻ പരിഹസിച്ചു.
വാസുവിന്റെ മുഖത്തേക്കു ചോര ഇരച്ചു കയറി.
''കണക്കുകളും കടം തീർക്കലുമൊക്കെ എന്നെ പഠിപ്പിക്കണ്ട രാഹുൽ. രണ്ടായിരത്തിന്റെ നോട്ടാണെങ്കിൽ അൻപത് ബണ്ടിൽ. അഞ്ഞൂറിന്റേതാണെങ്കിൽ ഇരുനൂറ്. നൂറിന്റെയും ഇരുനൂറിന്റെയും തൽക്കാലം എനിക്കു വേണ്ടാ.''
രാജസേനൻ, വാസുവിന്റെ മുഖത്തേക്കു നോട്ടം നട്ടു.
''നിന്റെ അമ്മ ജീവിതകാലം മുഴുവൻ ബിസിനസ്സ്‌ചെയ്താലും അദ്ധ്വാനിച്ചാലും ഈ പറഞ്ഞതിന്റെ പത്തിലൊന്നു പോലും സമ്പാദിക്കാൻ കഴിയില്ലെന്ന് നിനക്കറിയാം. ഞങ്ങൾക്കും അറിയാം. അതുകൊണ്ട്... ഞങ്ങൾക്കു പറ്റിയ ഒരു പിഴവെന്ന നിലയിൽ നിനക്ക് പത്തുലക്ഷം തരുവാൻ ഞാൻ തീരുമാനിച്ചു. സന്തോഷമായില്ലേ നിനക്ക്?''
''സന്തോഷം!'' കരടി വാസു കാറിത്തുപ്പി.
''അമ്മ മരിക്കാതെയിരുന്നെങ്കിൽ ഇനിയുള്ള ജീവിതത്തിൽ എത്ര സമ്പാദിച്ചേനെയെന്ന്. നിങ്ങൾ എങ്ങനെ പ്രവചിക്കും? ഒരു മനുഷ്യന്റെ 'തലവര' എപ്പഴാണ് മാറുന്നതെന്ന് ആർക്കറിയാം? അതുകൊണ്ട് വില പേശലിനൊന്നും ഞാനില്ല. ഒരു കോടി. അതിൽ നിന്ന് ഒറ്റ പൈസ കുറയാൻ പറ്റില്ല.''
രാഹുലിന്റെയും രാജസേനന്റെയും മുഖമിരുണ്ടു.
നേർത്ത ചിരിയോടെ രാഹുൽ ചോദിച്ചു?
''ഒരു തമാശ ചോദിക്കട്ടേ വാസൂ. ഞങ്ങൾ ഈ പണം തന്നില്ലെങ്കിൽ നീ എന്തു ചെയ്യും?''
വാസുവിന്റെ മുഖം ഇറുകി:
''തമാശയായിത്തന്നെ പറയട്ടേ. അപ്പനേം മകനെയും ഞാൻ കൊന്നെന്നിരിക്കും. അതല്ലെങ്കിൽ നിങ്ങൾ എന്നെയും അമ്മയേയുംകൊണ്ട് ചെയ്യിപ്പിച്ചതെല്ലാം ജനങ്ങളോട് വിളിച്ചു പറയും. ''
രാഹുൽ വാസു കാണാതെ കടപ്പല്ലുകൾ ഞെരിച്ചമർത്തി.
ഈ സമയത്തു തങ്ങളെക്കുറിച്ച് ഒരു മോശം വാർത്ത വരാതിരിക്കുന്നതാണു നല്ലതെന്ന് രാജസേനനു തോന്നി.
അയാൾ പെട്ടെന്നു പറഞ്ഞു:
''ശരി വാസൂ. നിനക്ക് ഞങ്ങൾ പണം തന്നിരിക്കും. ക്യാഷായിട്ടു തന്നെ. നാളെ രാത്രിയിൽ നിന്റെ വീട്ടിൽ പണം എത്തിയിരിക്കും. പോരേ?''
''മതി.'' വാസു സമ്മതിച്ചു. എന്നെ ചതിക്കാൻ ശ്രമിക്കരുത്.''
അയാൾക്കു നേരിയ സംശയം.
രാജസേനൻ മുന്നോട്ടു വന്ന് വാസുവിന്റെ തോളിൽ കൈവച്ചു.
''ഒത്തിരി കാലമായില്ലേ നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ട്. എന്നിട്ടും നിനക്ക് എന്നെ സംശയമോ?''
വാസു മിണ്ടിയില്ല.
അടുത്ത ദിവസം രാത്രി 8 മണി.
അന്ന് മദ്യമൊന്നും കഴിച്ചില്ല കരടി വാസു. ഒരുകോടി രൂപ കൈയിലെത്തുമ്പോൾ മദ്യപിച്ചിട്ടിരിക്കുന്നത് ശരിയല്ലെന്ന് അയാൾക്കറിയാം.
വീടിന്റെ തിണ്ണയിൽ ഇരുട്ടിലേക്കു നോക്കിയിരുന്നു വാസു.
അല്പം കഴിഞ്ഞപ്പോൾ റോഡിൽ നിന്നു തിരിയുന്ന രണ്ട് തീക്കണ്ണുകൾകണ്ടു.
മുറ്റത്തോടു ചേർന്ന് ഒരു സുമോ വാൻ വന്നു ബ്രേക്കിട്ടു. കണ്ണടയും പോലെ അതിന്റെ ഹെഡ് ലൈറ്റുകൾ അണഞ്ഞു. അതിൽ നിന്ന് ഭാരമുള്ള ഒരു പെട്ടിയുമായി ഒരു ദീർഘകായൻ ഇറങ്ങി. (തുടരും)