bar-opening

ചെന്നൈ: ഉപയോക്താക്കളെക്കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കാനായി കടയുടമകൾ പലവിധത്തിലുള്ള ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തരത്തിലൊരു പരസ്യം ചെയ്ത് പുലിവാൽ പിടിച്ചിരിക്കുകയാണ് ചെന്നൈ ട്രിപ്ലിക്കേനിലെ ബാർ മാനേജർ. കൂടുതൽ മദ്യപിക്കുന്നവർക്ക് വൻസമ്മാനങ്ങളാണ് ഇവർ പ്രഖ്യാപിച്ചത്.

ആയിരം രൂപയിൽ കൂടുതൽ മദ്യപിക്കുന്നവർക്കാണ് ലക്കിഡ്രോയിൽ പങ്കെടുക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സ്വന്തമാക്കുകയും ചെയ്യാം. 32 ഇഞ്ച് വലിപ്പത്തലുള്ള ടിവി,​ വാഷിംഗ് മെഷീൻ,​ ഫ്രിഡ്ജ് എന്നിവയാണ് സമ്മാനങ്ങളായി പ്രഖ്യാപിച്ചിരുന്നത്. പരസ്യത്തെ തുടർന്ന് പൊലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് മാനേജർമാരായ വിൻസെന്റ് രാജ്,​ റിയാസ് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപാവലിയോടനുബന്ധിച്ച് കച്ചവടം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പരസ്യം ചെയ്തതെന്ന് പ്രതികൾ വ്യക്തമാക്കി. ഹോട്ടലും ബാറും എസ്.എം.കെ മുഹമ്മദ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ്. ഇദ്ദേഹം എ.ഐ.ഡി.എം.കെ ന്യൂനപക്ഷ വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറിയാണ്.