ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് ഇന്നലെ ശബരിമല നടതുറന്നപ്പോൾ വൻ ഭക്തജന തിരക്കാണ് പമ്പയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. പതിനായിരത്തിനടുത്ത് അയ്യപ്പഭക്തരാണ് ഇന്നലെ രാത്രി മല കയറിയത്. അയ്യപ്പ ദർശനത്തിന് ശേഷം ഇവരാരും തന്നെ മലയിറങ്ങിയില്ല. സന്നിധാനത്ത് ശരണം വിളികളോടെ വിരിവച്ചിരുന്നു.
ഡോണർ ഹൗസുകളും ഗസ്റ്റ് ഹൗസുകളും തുറന്ന് നൽകാത്തതിനാൽ അയ്യപ്പന്മാർ മാളികപ്പുറം വലിയനടപ്പന്തലിൽ ആദ്യം വിരിവച്ചു. പിന്നീട് സന്നിധാനത്തെ വലിയനടപ്പന്തലിൽ വിരിവയ്ക്കാൻ ഒരുങ്ങിയ ഭക്തരെ പൊലീസ് തടഞ്ഞതോടെ ശരണം വിളികളോടെ ഭക്തർ പ്രതിഷേധിച്ചു. തുടർന്ന് പൊലീസിന് പിൻവാങ്ങേണ്ടി വന്നു.
ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് ഭക്തരെ പമ്പയിൽ നിന്ന് മല കയറാൻ അനുവദിച്ചത്. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നതെങ്കിലും ഭക്തർ ഇതൊന്നും കൂട്ടാക്കാതെ സന്നിധാനത്തേക്ക് ഒഴുകിയെത്തി.മണ്ഡല മകരവിളക്ക് കാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലെയും ഇന്ന് രാവിലെയും അനുഭവപ്പെട്ട തിരക്ക്. മുൻ വർഷങ്ങളിൽ ചിത്തിര ആട്ട വിശേഷത്തിന് നട തുറക്കുമ്പോൾ 500 താഴെ ഭക്തരാണ് എത്താറുള്ളത്. ഇത് കണക്കിലെടുത്ത് സന്നിധാനത്തെ ഹോട്ടലുകൾ ഉൾപ്പെടെ മിക്ക കടകളും തുറന്നിരുന്നില്ല. ഭക്തരുടെ ബാഹുല്യം കണ്ടതോടെ വൈകുന്നേരത്തോടെ ചില കടകൾ തുറന്നു.
കമാൻഡോ സംഘവും ജലപീരങ്കിയും മെറ്റൽ ഡിറ്റക്ടറും ഉൾപ്പെടെ പൊലീസ് വിന്യസിച്ചിരുന്നെങ്കിലും യുവതീ പ്രവേശനം തടയാനെത്തിയ ഭക്തരുടെ എണ്ണത്തിൽ കുറവ് വരുത്താൻ ഇതൊന്നും കാരണമായില്ല. ഇന്നലെ വൈകിട്ടോടെ തന്നെ ആർ.എസ്.എസ് ബി.ജെ.പി സംഘപരിവാർ സംഘടനകളിലെ അര ഡസനിലേറെ നേതാക്കൾ സന്നിധാനത്ത് എത്തിയിരുന്നു.
ഇതിനിടെ വൈകിട്ടോടെ മല ചവിട്ടാൻ ചേർത്തലയിൽ നിന്ന് എത്തിയ യുവതി പൊലീസിന്റെ സഹായം തേടിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഇവർ പിന്മാറി. സന്നിധാനത്ത് പൊലീസ് മൊബൈൽ ജാമർ സ്ഥാപിച്ചതും പ്രതിഷേധത്തിന് ഇടയാക്കി.