ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം രാജ്യത്ത് വൻ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും ലംഘിച്ച് സ്ത്രീകളെ ശബരിമലയിൽ കയറ്റില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ആരാധനാ കാര്യത്തിൽ സ്ത്രീ - പുരുഷ വ്യത്യാസം പാടില്ലെന്നാണ് മറ്റൊരു കൂട്ടരുടെ നിലപാട്. എന്നാൽ സ്ത്രീകൾക്ക് സമ്പൂർണ പ്രവേശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന എന്നാൽ നഗ്നരായ പുരുഷന്മാർക്ക് യഥേഷ്‌ടം എത്താവുന്ന ജപ്പാനിലെ ഒകിനോഷിമ ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച 240 ഏക്കറിൽ പരന്ന് കിടക്കുന്ന ഒകിനോഷിമ ദ്വീപ് കപ്പലോട്ടക്കാരുടെ പുണ്യഭൂമിയാണ്.
കൊറിയൻ ഉപദ്വീപിനും ജപ്പാനിലെ തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും ഇടയിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു ദ്വീപാണ് ഒകിനോഷിമ. ദ്വീപിൽ 17ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചെന്ന് കരുതുന്ന ഒരു പുരാതനക്ഷേത്രമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ചൈനയുമായും കൊറിയയുമായും കടൽ വ്യാപാരം ആരംഭിച്ച കാലത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതുന്നത്. തുടക്കം മുതൽ തന്നെ നാവികരുടെ സുരക്ഷയ്‌ക്കായി ഇവിടെ പ്രാർത്ഥനകൾ നടന്നിരുന്നുവെന്ന് ചരിത്രം പറയുന്നു. മുനാകാറ്റ തായിഷയിൽ നിന്നുള്ള പുരോഹിതന്മാരാണ് ഇവിടെ പ്രാർത്ഥനകൾ നടത്തുന്നത്.
പ്രവേശനം 200 പുരുഷന്മാർക്ക് മാത്രം
മുനാകാറ്റ തായിഷയിൽ നിന്നുള്ള പുരോഹിതന്മാർക്ക് മാത്രമാണ് ദ്വീപിലേക്ക് പ്രവേശനം. ഇതുകൂടാതെ 1904 - 05ൽ റഷ്യയുമായി നടന്ന യുദ്ധത്തിൽ മരിച്ച നാവികരുടെ ഓർമദിവസമായ മേയ് 27ന് 200 പുരുഷന്മാർക്ക് കൂടി ദ്വീപിലേക്ക് പ്രവേശനം അനുവദിക്കും. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾക്ക് ശേഷം മാത്രമേ ഇവിടെ കാലെടുത്ത് വയ്‌ക്കാനാകൂ. ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളെല്ലാം ഊരി മാറ്റി കടലിൽ കുളിച്ച് ശുദ്ധിവരുത്തണം. തിരികെ മടങ്ങുമ്പോൾ ദ്വീപിൽ നിന്നും ഒന്നും കൊണ്ടുപോകാൻ പാടില്ല, ഒരു പുൽക്കൊടി പോലും . മാത്രവുമല്ല ദ്വീപിലെ സന്ദർശന വിവരങ്ങൾ പുറത്താരോടും പങ്കുവയ്‌ക്കരുതെന്ന കർശന നിർദ്ദേശവും ഇവിടെയുണ്ട്.
എന്തുകൊണ്ട് സ്ത്രീകൾക്ക് പ്രവേശനമില്ല
ദ്വീപിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെപറ്റി വിശദീകരണം നൽകാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ ആർത്തവ രക്തം അശുദ്ധമാണെന്ന ജാപ്പനീസ് സംസ്‌ക്കാരത്തിലെ വിശ്വാസമാണ് സ്ത്രീകളെ ഇവിടേക്ക് പ്രവേശിപ്പിക്കാത്തതിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.