killer-app

കണ്ണൂർ: വയനാട് ജില്ലയിലെ സുഹൃത്തുക്കളായ കൗമാരക്കാരുടെ ആത്മഹത്യയുടെ ചുവടുപിടിച്ച് മരണ ഗ്രൂപ്പുകളുടെ ഉള്ളറകൾതേടി പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വയനാട്ടിൽ സമപ്രായക്കാരായ മൂന്ന് വിദ്യാർത്ഥികൾ ജീവനൊടുക്കിയതോടെയാണ് രക്ഷിതാക്കളേയും സമൂഹത്തേയും ഞെട്ടിപ്പിച്ച മരണഗ്രൂപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ഗ്രൂപ്പുകളുടെ പ്രവർത്തനം സംസ്ഥാനം മുഴുവനുമുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

അതിനിടെ മരണ ഗ്രൂപ്പിന്റെ അഡ്മിൻ കാസർകോട് സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നു. സൈബർ സെല്ലിന്റെ തിരുവനന്തപുരം ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഗ്രൂപ്പുകളുടെ നിരീക്ഷണം നടത്തുന്നത്. ഇതിന് പുറമെ കണ്ണൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനും രൂപം നല്കിയിട്ടുണ്ട്. അന്വേഷണത്തിന് പൊലീസ് മേധാവിയുടെ മേൽനോട്ടവുമുണ്ടാകും.