നേമം : കരയോഗ മന്ദിരത്തിനുനേരെ നടന്ന ആക്രമണത്തിന്റെ ഭാഗമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പേരെഴുതി വച്ച റീത്ത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റീത്ത് വാങ്ങിയ പൂക്കട കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഇതു കൂടാതെ ചില നിർണായക തെളിവുകളും പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. ഡി.സി.പി. ആദിത്യയുടെ മേൽനോട്ടത്തിൽ ഫോർട്ട് അസി.കമ്മിഷണർ ദിനിൽ നേമം ഇൻസ്‌പെക്ടർ കെ.പ്രദീപ് എന്നിവർ അടങ്ങുന്ന പത്തംഗ സംഘവും ഷാഡോ പൊലീസും ചേർന്നാണ് അന്വേഷിക്കുന്നത്. നേമം ഇൻസ്‌പെക്ടർക്കാണ് അന്വേഷണച്ചുമതല. സി.സി. ടി.വി. ദൃശ്യങ്ങളെയാണ് പൊലീസ് ആശ്രയിക്കുന്നത്. സി.സി. ടി.വിയുള്ള പൂക്കടകളിൽ പ്രത്യേകം പരിശോധന നടത്തുന്നുണ്ട്. മേലാംകോട് പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള ഫോൺകാളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.