kureeppuzha-sreekumar

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിന് സംഘപരിവാർ പ്രവർത്തകന്റെ ഭീഷണിയും തെറിവിളിയും. കെ.പി.എം.എസ് പെരിനാട് യൂണിയൻ പഞ്ചായത്ത് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വില്ലുവണ്ടിയാത്ര സ്മൃതിയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിന് എത്തിയപ്പോഴാണ് ഭീഷണി മുഴക്കിയത്. യോഗത്തിനെത്തി സമീപത്തെ റോഡിൽ ഭാര്യയുമൊത്ത് നിൽക്കുമ്പോൾ ബൈക്കിലെത്തിയ യുവാവാണ് ഭീഷണി മുഴക്കിയത്. യോഗത്തിൽ ശബരിമലയെകുറിച്ച് പറഞ്ഞാൽ കാലുവെട്ടുമെന്നായിരുന്നു ഭീഷണി. പിന്നീട് അസഭ്യവർഷവും നടത്തി. നീരാവിൽ താമസിക്കുന്ന മാവേലിക്കര സ്വദേശിയായ ശ്രീകുമാറാണെന്നും പരിചയപ്പെടുത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ സംഘടിച്ചതോടെ യുവാവ് കടന്നുകളഞ്ഞു. കുരീപ്പുഴ ശ്രീകുമാർ പിന്നീട് പൊതുസമ്മേളന വേദിയിൽ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.