പ്രഭുദേവ നായകനായ ഗുലാബേകാവലിക്കു ശേഷം ഈ വർഷം ഹൻസിക മോട്ട്‌വാനിയുടേതായി ഒരു സിനിമ പോലും തിയേറ്ററിൽ എത്തിയിട്ടില്ല. താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണോ എന്ന ചോദ്യം നിരവധി ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അതിനുള്ള മറുപടിയുമായി ഹൻസിക തന്നെ എത്തിയിരിക്കുകയാണ്. വെറും ഒരു ഗ്ലാമർ നായികയാകാൻ താത്പര്യമില്ലാത്തതിനാലാണ് താൻ പല സിനിമകളും ഒഴിവാക്കിയതെന്നാണ് ഹൻസിക പറയുന്നത്.
'കഴിഞ്ഞ പത്തു മാസങ്ങളിലായി 18 സിനിമകളുടെ കഥയാണ് കേട്ടത്. അതിൽ എന്നെ ആകർഷിച്ച നാലു സിനിമകൾ മാത്രമാണ് തിരഞ്ഞെടുത്തത്. നായകന്റെ പിന്നാലെ ആടിപ്പാടുന്ന വെറും നായികയാകാൻ ഇനിയില്ല. തുണി കുറച്ച് കിട്ടുന്ന അവസരങ്ങളോടും താത്പര്യമില്ല. അതുകൊണ്ടാണ് അത്തരം ചിത്രങ്ങൾ വേണ്ടെന്ന കർശന നിലപാട് സ്വീകരിച്ചത്. ഇനി ഒരിക്കലും എന്നെ ഒരു ഗ്ലാമർ ബൊമ്മയായി കാണില്ല. ഗ്ലാമറിനപ്പുറം അഭിനയത്തിന് വിശ്വാസം അർപ്പിക്കുന്നവരുടെ സിനിമകൾക്കായിരിക്കും ഞാൻ പ്രാധാന്യം നൽകുക.
നിലവിൽ ദത്തെടുത്ത കുട്ടികളുടെ കാര്യങ്ങളും നോക്കാനുണ്ട്. അവരെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം. കൂടുതൽ ആളുകളെ ദത്തെടുക്കുന്നതിലല്ല ഉള്ളവരെ നല്ല രീതിയിൽ നോക്കുന്നതിലാണ് കാര്യം. വൃദ്ധരായവർക്കും അനാഥരും അശരണുമായവർക്കും താമസിക്കാൻ ഒരു ആശ്രമം പണിയുകയാണ് ലക്ഷ്യം. അതിന്റെ ജോലികൾ ഉടൻ ആരംഭിക്കുമെ'ന്നും ഹൻസിക പറഞ്ഞു. താരം ഗ്ലാമർ വേഷങ്ങൾ ഉപേക്ഷിച്ചുവെന്ന വാർത്ത ആരാധകരെ നിരാശരാക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുപ്പാക്കി മുനൈ, 100, മഹാ എന്നീ ചിത്രങ്ങളാണ് ഹൻസികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.