തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരലംഘനം നടത്തിയതായി ആരോപണം. ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആർ.എസ്.എസ് നേതാവ് ആചാരംഘനം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ആർ.എസ്.എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കർദാസ് വ്യക്തമാക്കി.
പതിനെട്ടാംപടിയിൽ പിന്തിരിഞ്ഞ് നിൽക്കുന്നതും ആചാരലംഘനമാണ്. ആചാരങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിക്കുന്നവർ തന്നെ ആചാരങ്ങൾ ലംഘിക്കുകയാണ്. ഇക്കാര്യങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ പതിനെട്ടാംപടി ചവിട്ടിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഇന്ന് രാവിലെ ഇരുമുടിക്കെട്ടില്ലാതെ എത്തിയ സ്ത്രീകളെയും മറ്റ് വഴികളിലൂടെയാണ് സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. ഇതിനിടയിൽ ആർ.എസ്.എസ് നേതാവ് തന്നെ ആചാരം ലംഘിച്ചത് ഭക്തർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് ആചാര ലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
അതേസമയം, താൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ദർശനം നടത്തുന്നതിനിടെ ബഹളം കേട്ടപ്പോൾ താഴേക്ക് ഇറങ്ങിയതാണെന്നും വത്സൻ തില്ലങ്കേരി പ്രതികരിച്ചു. പതിനെട്ടാംപടിയിൽ നിന്നും താൻ താഴേക്ക് ഇറങ്ങിയിട്ടില്ല. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയും പ്രതികരിക്കാൻ തയ്യാറായില്ല. ശബരിമല പതിനെട്ടാംപടിയിലെ ആചാരങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.