ഹണീബി 2നു ശേഷം ജീൻ പോൾ ലാൽ (ജൂനിയർ ലാൽ) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. നിലവിൽ പൃഥ്വിയുടേതായി ആടു ജീവിതം അടക്കം നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. അതിനിടയിലാണ് പുതിയ ചിത്രത്തിന്റെ വാർത്തകൾ ആരാധകരെ തേടി എത്തുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജീൻ ഒരുക്കുന്നതെന്നാണ് അറിയുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിനു വേണ്ടി സ്‌ക്രി്ര്രപ് എഴുതുന്നത്. അടുത്ത വർഷം ഫ്രെബ്രുവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9 ആണ് പൃഥ്വിയുടേതായി ഉടൻ റിലീസാകുന്ന ചിത്രം. ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായ 9 അടുത്ത വർഷം ഫെബ്രുവരി 7നാണ് തിയേറ്ററുകളിലെത്തുക. ഗോദ ഫെയിം വാമി ഗബ്ബി നായികയാകുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്‌ചേഴ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കുകളിലാണ് പൃഥ്വി. ബ്‌ളെസിയുടെ ആടുജീവിതം, കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ, നവാഗതനായ മഹേഷ് ഒരുക്കുന്ന കാളിയൻ എന്നിവയാണ് പൃഥ്വിയെ കാത്തിരിക്കുന്ന മറ്റു ചിത്രങ്ങൾ.