renjith

സിനിമയിലെ കഥാപാത്രങ്ങളെ മാത്രം നോക്കി തന്നെ വിമർശിച്ചവർക്ക് തകർപ്പൻ മറുപടിയുമായി സംവിധായകൻ രഞ്ജിത്ത് രംഗത്ത്. സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടാകുന്നതാണെന്നും അത് എഴുത്തുകാരന്റെ കാഴ്ചപ്പാടാണെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'വടക്കൻ വീരഗാഥയിലെ ചന്തു സ്ത്രീകളെ കുറിച്ച് പറയുന്ന സംഭാഷണം എം.ടിയ്‌ക്ക് സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടാണെന്ന് പറയുന്ന മണ്ടന്മാരുടെ ചെവിക്കാണ് ആദ്യം പിടിക്കേണ്ടത്. ചന്തു ജനിച്ചു വളർന്ന സാഹചര്യം, സ്ത്രീകളിൽ നിന്ന് അയാൾ നേരിട്ട വഞ്ചന, ബന്ധുക്കളിൽ നിന്നുള്ള അവഗണന അതെല്ലാമാണ് അയാളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അന്ന് ഈ കാലത്തെപ്പോലെ അധികം വിവരദോഷികൾ ഇല്ലാത്തത് കൊണ്ട് എം.ടിയെ ആരും സ്ത്രീവിരുദ്ധൻ എന്ന് വിളിച്ചില്ല' രഞ്ജിത്ത് പറഞ്ഞു.

mammootty

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശ്രദ്ധിക്കാറില്ല. അതിനൊന്നും പ്രതികരിക്കേണ്ട ആവശ്യം തന്നെ എനിക്കില്ല. എന്നെ മനസിലാക്കിയിട്ടുള്ളവരും സിനിമയെ സിനിമയായി തന്നെ ഉൾക്കൊള്ളുന്നവരും അത് കാര്യമായി എടുക്കുന്നില്ലെന്ന് അറിയാം' -രഞ്ജിത്ത് കൂട്ടിച്ചേർത്തു.

അതേസമയം, മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ഡ്രാമ കഴിഞ്ഞ വാരം തിയേ‌റ്റ‌റുകളിലെത്തി. ആശാ ശരത്ത്, കനിഹ, അരുന്ധതി നാഗ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്, സുരേഷ് കൃഷ്‌ണ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.