അഞ്ചു വർഷം കൂടുമ്പോൾ മാറി വരുന്ന സർക്കാരുകളെ തീരുമാനിക്കാൻ ജനങ്ങൾക്ക് അവകാശമുള്ള ദിനമാണ് തിരഞ്ഞെടുപ്പ് ദിനം. ആ ദിവസം ജനങ്ങളാണ് വിധി കർത്താക്കൾ. ഒരു വോട്ടിനു പോലും വിലയിടാനാകില്ല എന്ന സന്ദേശമാണ് സർക്കാർ എന്ന വിജയ് സിനിമ നൽകുന്നത്. ഒരു സ്ഥിരം വിജയ് സിനിമയുടെ ചേരുവകൾ ചേർത്ത് തന്നെയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. പത്തിരുപത് വില്ലന്മാരെ ഒറ്റയ്ക്ക് അടിച്ച നിലംപരിശാക്കുന്ന നായകൻ, നായകന് പ്രണയിക്കാൻ സിനിമയുടെ കഥയിൽ വലിയ പ്രാധാന്യമില്ലാത്ത നായിക കഥാപാത്രം, ചടുലമായ നൃത്ത ചുവടുകളോടെയുള്ള ഗാന രംഗങ്ങൾ തുടങ്ങി ഒരു വിജയ് ആരാധകനു ഈ ദീപാവലി ആഘോഷമാക്കാൻ ഉള്ളതെല്ലാം സർക്കാരിലുണ്ട്. ഇത്തരമൊരു സിനിമയിലൂടെ വോട്ടവകാശത്തിന്റെ ശക്തിയെ പ്രേക്ഷകരിൽ എത്തിക്കാനാണ് സംവിധായകനായ എ. ആർ. മുരുകദോസിന്റെ ശ്രമം.
അമേരിക്കയിലെ വ്യവസായ ഭീമനാണ് തമിഴ് വംശജനായ സുന്ദർ രാമസ്വാമി. പോകുന്നിടത്തെല്ലാം തന്റെ ബിസിനസ് എതിരാളികളെ ചൊൽപ്പടിക്ക് നിർത്താൻ അഗ്രഗണ്യൻ. എന്നാൽ ഇന്ത്യയിൽ അയാൾ എത്തുന്നത് തന്റെ വോട്ടവകാശം വിനിയോഗിക്കാനാണ്. എന്നാൽ നാട്ടിലെ യാഥാർഥ്യം മറ്റൊന്നായിരുന്നു. തന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാൾ രേഖപ്പെടുത്തി. പിന്തിരിയാൻ മടിച്ച സുന്ദർ കോടതിയെ സമീപിക്കുന്നു. തന്റെ അവകാശമായി ആ ഒരു വോട്ട് ഇന്ത്യൻ ഭരണഘടനയിലെ ജനങ്ങൾക്ക് പരിചിതമല്ലാത്ത സെക്ഷൻ 49 (p ) ഉപയോഗിച്ചയാൾ രേഖപ്പെടുത്തുന്നു. പതിനായിരക്കണക്ക് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുന്ന എതിരാളികൾ ആ ഒരു വോട്ടിനെ നിസ്സാരവൽക്കരിക്കുന്നു. എന്നാൽ ആ ഒരു വോട്ട് ഒരു വിപ്ലവത്തിന്റെ തുടക്കമാകുന്നു. ഗൗരവമേറിയ രാഷ്ട്രീയ വിഷയം പറയുന്ന ചിത്രത്തിൽ രസംകൊല്ലി ആയി ചില ആക്ഷൻ രംഗങ്ങളും ഗാനരംഗങ്ങളും വരുന്നുണ്ട്. സ്ലോ മോഷന്റെ അതി പ്രസരം സിനിമയിൽ ഉടനീളമുണ്ട്. എങ്കിലും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് വിജയുടെ സർക്കാർ.
ചെയ്ത് പഴകിയ നേതാവ് വേഷമാണെങ്കിലും ചിത്രത്തിൽ വിജയ് തിളങ്ങുന്നുണ്ട്. വിജയ്‌യുടെ സാന്നിധ്യവും എ. ആർ. റഹ്മാന്റെ ഗാനങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഘടകങ്ങൾ. നൃത്തരംഗങ്ങളിലും ആരാധകരെ ത്രസിപ്പിക്കാൻ വിജയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. കഥയിൽ പ്രാധാന്യം കുറവാണെങ്കിലും നായകനൊപ്പം സന്തത സഹചാരിയായ നായികാ വേഷം കീർത്തി സുരേഷ് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. വില്ലൻ വേഷത്തിൽ വരലക്ഷ്മി ശരത് കുമാറിന്റെ പ്രകടനവും ശ്രദ്ദേയമാണ്. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം മികച്ചു നിന്നു. എ. ആർ. മുരുഗദോസിന്റെ പടമാണെന്ന തോന്നൽ ഉണർത്തിയില്ല എങ്കിലും ജനങ്ങളുടെ ഇടയിൽ ഹിറ്റ് ആയ ഫോർമുല തരക്കേടില്ലാതെ പുതിയ രീതിയിൽ ആവിഷ്കരിക്കാൻ സംവിധായകനുമായിട്ടുണ്ട്.
എ.ആർ. മുരുകദോസ്-വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് സർക്കാർ. മുൻ ചിത്രങ്ങളായ തുപ്പാക്കിയുടെയും കത്തിയുടെയും നിലവാരത്തിൽ എത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ അവശ്യ ചേരുവകൾ ചേർത്ത മറ്റൊരു വിജയ് സിനിമയാണ് ഇത്. മുൻ സിനിമകളുടെ വിജയം ആവർത്തിക്കാൻ സർക്കാരിന് ആകുമോ എന്ന് കാത്തിരുന്നു കാണാം.