kedarnath

സുശാന്ത് സിംഗ് രാജ്പുത്തും സാറാ അലി ഖാനും അഭിനയിക്കുന്ന പുതിയ ചിത്രമാണ് കേദാർനാഥ്. പ്രളയത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഹിന്ദു-മുസ്ലിം പ്രണയമാണ് കഥയുടെ പ്രമേയം. ചിത്രത്തെ ഇപ്പോൾ വിവാദങ്ങൾ പിടികൂടിയിരിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി തീർത്ഥാടനത്തിന് പോകുന്ന മുസൽമാനായ നായകനെ അദ്ദേഹം പരിഹസിച്ചിരുന്നു. കേദാർനാഥിൽ ഇത്തരത്തിലൊരു കാഴ്ചയും കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം വിമർശിച്ചു. ചിത്രത്തിനെതിരെ ഉത്തരാഖണ്ഡിലെ സന്യാസിമാരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഇവരുടെ വാദം. അതിനാൽ ചിത്രം നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും ഇവർ പറയുന്നു.

2013ൽ ഉത്തരാഖണ്ഡ‌ിലുണ്ടായ പ്രളയമാണ് കഥാതന്തു. അഭിഷേക് കപൂറാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തീർത്ഥാടനത്തിനെത്തുന്ന ഹിന്ദു യുവതിയോട് ചുമട്ടുതൊഴിലാളിയായ മുസ്ലിം യുവാവിന് തോന്നുന്ന പ്രണയകഥയാണ് കേദാർനാഥ് പറയുന്നത്. ചിത്രം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും സിനിമ നിരോധിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും സന്യാസിമാരുടെ സംഘടനയായ കേദാർ സഭയുടെ ചെയർമാൻ വിനോദ് ശുക്ല പറ‌ഞ്ഞു.