നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ 32കാരൻ സനലിനെ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് പിടിച്ചുതള്ളി കൊലപ്പെടുത്തിയ ഡിവൈ.എസ്.പി ഹരികുമാർ അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും ആശാനാണെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. പ്രദേശത്തെ മണൽവ്യാപാരി ജോസിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ വീഡിയോ ക്ളിപ്പിംഗ് അടക്കമുള്ള തെളിവുകൾ സഹിതം ഹരികുമാറിനെതിരേ കെ.കെ.സി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ വിജിലൻസിന് പരാതി നൽകിയിരുന്നു. വിജിലൻസ് ഉഴപ്പിയപ്പോൾ പരാതി ഹൈക്കോടതിയിലെത്തി. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഡിവൈ.എസ്.പി വീണ്ടും കുരുക്കിൽപെട്ടത്.
ഇതടക്കം നിരവധി പരാതികളാണ് ഹരികുമാറിനെതിരേ സർക്കാരിന് ലഭിച്ചിരുന്നത്. ഹരികുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് ഇന്റലിജൻസ് വിഭാഗം ശുപാർശ നൽകിയിരുന്നു. പക്ഷേ, സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖനേതാവാണ് ഹരികുമാറിനെതിരായ നടപടികൾ ഒഴിവാക്കി, നെയ്യാറ്റിൻകരയിൽ തുടരാൻ സാഹചര്യമൊരുക്കിയത്. സനൽ കൊലചെയ്യപ്പെട്ട കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ കഴിഞ്ഞ ഡിവൈ.എസ്.പി ഒരു വർഷമായി നിത്യസന്ദർശകനായിരുന്നു. ബിനുവിന്റെ അയൽവാസിയാണ് ഒരുലക്ഷം കൈക്കൂലി നൽകിയ ജോസ്. പാറശ്ശാല എസ്.ഐ ആയിരുന്നപ്പോൾ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയുമായി ബസമുണ്ടായിരുന്നതായും അവരുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നെന്നും ഹരികുമാറിനെതിരേ പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ച് സി.ഐ അന്വേഷിച്ച് നടപടിയെടുത്തിരുന്നു. ഫോർട്ട് സി.ഐ ആയിരുന്നപ്പോൾ കുപ്രസിദ്ധ മോഷ്ടാവ് ഉണ്ണിയെ 10 ലക്ഷം രൂപ കൈപ്പറ്റി സെല്ലിൽ നിന്നിറക്കിവിട്ടതിന് ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി പത്തിന് കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം പുറത്തിറങ്ങവെ സനലിന്റെ ബൈക്ക് ഡിവൈ.എസ്.പിയുടെ കാറിന് മുൻപിലായതിനാൽ കാറെടുത്തു കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഉടൻ തന്നെ ഡിവൈ.എസ്.പി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ വിളിച്ച് എസ്.ഐ സന്തോഷ്‌കുമാറിനോട് ഉടൻ കൊടങ്ങാവിളയിലേക്ക് എത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സനലുമായി ഡിവൈ.എസ്.പി വാക്പോര് നടത്തുകയും സനലിന്റെ കൈപിടിച്ച് തിരിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം എതിരേ വന്ന വാഹനത്തിനു മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം അവിടെ എത്തിയ നെയ്യാറ്റിൻകര എസ്.ഐ സന്തോഷ്‌കുമാർ സനലിനെ കയറ്റിയ ആംബുലൻസുമായി നേരെ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷനിൽ എത്തിച്ച സനൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് വീണ്ടും ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴിമദ്ധ്യേയാണ് സനൽ മരിച്ചത്. കാറിനടയിൽപ്പെട്ട സനലിനെ അപകട സ്ഥലത്തു നിന്നും ഉടൻ തന്നെ മെഡിക്കൾ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നതായി ബന്ധുക്കൾ പറയുന്നു.