crime

കണ്ണൂർ : കുടുംബത്തിലും സമൂഹത്തിലും മാന്യമായി ജീവിക്കുകയും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും താത്പര്യം കാട്ടുകയും ചെയ്യുന്ന വിദ്യാർത്ഥികളാണ് ഗ്രൂപ്പിൽ കുടുങ്ങുന്നത്. വയനാട്ടിൽ മരിച്ച മൂന്ന് കുട്ടികളും ഇത്തരം ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഭീകരത ജനിപ്പിക്കുന്ന സംഗീതങ്ങൾ അമിതമായി കേൾക്കാൻ ഇഷ്ടപ്പെടുകയും ആത്മഹത്യകളെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയും മറ്റും ഇത്തരക്കാരുടെ വിനോദമായിരിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്.

സംസ്ഥാനത്ത് എത്ര ജില്ലകളിൽ ഇത്തരം ഗ്രൂപ്പുകളിൽ കുട്ടികൾ അകപ്പെട്ടിട്ടുണ്ടെന്നാണ് സൈബർസെൽ പരിശോധിക്കുന്നത്. വയനാട് ജില്ലയിൽ മുപ്പതോളം വിദ്യാർത്ഥികൾ മരണ ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസെന്ന് കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. ബ്ളൂവെയിൽ എന്ന ഭീകര ഗെയിമിനേക്കാളും ഭയങ്കരമായ പ്രത്യാഘാതമാണ് മരണ ഗ്രൂപ്പുകളിലൂടെ സംഭവിക്കാൻ പോകുന്നത്. മരിച്ച വിദ്യാർത്ഥികളുടെ എഫ്.ബി അക്കൗണ്ട്, ഇൻസ്റ്റാഗ്രാം എന്നിവ പരിശോധിച്ചതിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

സൈക്കോ ചെക്കൻ, മരണ സംഗീതം തുടങ്ങിയ കൂട്ടായ്മകളിൽ ഇവർ അംഗങ്ങളായിരുന്നു. മരണം, ഏകാന്തത, ഇരുട്ട് എന്നിവയുടെ മഹത്വം വർണിക്കുന്ന പോസ്റ്റുകളാണ് അധികവും ഇവർ കൈമാറിയിരുന്നത്. സന്ദേശങ്ങളൊക്കെ വാട്സ് ആപ് വഴി ആയതിനാൽ പെട്ടെന്ന് ആർക്കും കണ്ടെത്താനോ തിരിച്ചറിയാനോ കഴിഞ്ഞിരുന്നില്ല. വിഷാദരോഗത്തിലേക്ക് നയിക്കുന്ന സംഗീതത്തിന്റെ ആരാധകരായിരുന്നു ആത്മഹത്യ ചെയ്ത മൂന്നുപേരുമെന്നാണ് പറയുന്നത്.

സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന മരണക്കളികളെ കുറിച്ച് രക്ഷിതാക്കളും സമൂഹവും ഉണർന്ന് ചിന്തിക്കണമെന്നാണ് സൈബർ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന മുറക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.