congress

ബംഗളുരു:കർണാടകത്തിൽ മൂന്ന് ലോക്‌സഭാ സീറ്റുകളിലും, രണ്ട് നിയമസഭാ സീറ്റുകളിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ പ്രഹരം ഏൽപ്പിച്ച് കോൺഗ്രസ് - ജനതാദൾ സഖ്യം തകർപ്പൻ വിജയം നേടി.

ശിവമൊഗ്ഗ ലോക്‌സഭാ സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.പതിനാല് വർഷമായി ബി. ജെ. പിയുടെ കുത്തകയായിരുന്ന ബെല്ലാരി ലോക്‌സഭാ സീറ്റ് കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ തിരിച്ചു പിടിച്ചു. മണ്ഡ്യ, ലോക്‌സഭാ സീറ്റ് ദൾ നേടി. നിയമസഭാ സീറ്റുകളായ രാമനഗരയിൽ ദളും ജമഖണ്ഡിയിൽ കോൺഗ്രസും ജയിച്ചു.

ബെല്ലാരിയിൽ 1999ൽ സോണിയാ ഗാന്ധിക്കും 2000ൽ കോലൂർ ബസവനഗൗഡയ്‌ക്കും ശേഷം കോൺഗ്രസിനു ലഭിക്കുന്ന വിജയമാണിത്. 2004 മുതൽ ബി. ജെ. പിയുടെ സിറ്റിംഗ് സീറ്റായിരുന്നു ബെല്ലാരി. ഇക്കാലത്ത് ഖനി രാജാക്കന്മാരായ റെ‍ഡ്ഡി സഹോദരൻമാരുടെ കോട്ടയായ ബെല്ലാരിയിൽ അവരോ അനുയായികളോ ആണ് ജയിച്ചിരുന്നത്. റെഡ്ഡിമാരുടെ വലംകൈ ആയ ശ്രീരാമുലു നിയമസഭാംഗമായതിനെ തുടർന്ന് രാജിവച്ച ഒഴിവിൽ സഹോദരി ശാന്തയായിരുന്നു ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി. കോൺഗ്രസിന്റെ വി. എസ് ഉഗ്രപ്പ 2.28 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചടക്കിയത്. ബെല്ലാരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഈ മണ്ഡലത്തിലെ അസംബ്ലി സീറ്റുകളിലേറെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചിരുന്നു.

ശിവമൊഗ്ഗയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ മൂത്തമകൻ ബി.വൈ. രാഘവേന്ദ്രയാണ് ജയിച്ചത്. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയായിരുന്നു എതിരാളി.ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് കരുതിയ ഇവിടെ രാഘവേന്ദ്രയുടെ വിജയം കഷ്ടിച്ച് 40,000 വോട്ടിനാണ്. യെദിയൂരപ്പ സ്ഥാനമൊഴിഞ്ഞ ഇവിടെ 2014ൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 3.6 ലക്ഷമായിരുന്നു. കോൺഗ്രസും ദളും അന്ന് ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ് മൽസരിച്ചത്.

മണ്ഡ്യയിൽ ദളിന്റെ എൽ.ആർ. ശിവരാമെഗൗഡയും 2.8 ലക്ഷത്തിലേറെ ഭൂരിപക്ഷത്തോടെ വൻ വിജയമാണ് നേടിയത്.എങ്കിലും കോൺഗ്രസ് - ദൾ ശക്തികേന്ദ്രമായ ഇവിടെ സിദ്ധരാമയ്യ രണ്ട് ലക്ഷത്തിലേറെ വോട്ട് നേടിയത് ബി. ജെ. പിക്ക് ആശ്വാസമായി

ബി.ജെ.പി സ്ഥാനാർത്ഥി എൽ.ചന്ദ്രശേഖർ അവസാന നിമിഷം പിന്മാറിയ രാമനഗര അസംബ്ലി സീറ്റിൽ ദളിന് വേണ്ടി മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത 1.05 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

ജമഖണ്ഡിയിൽ കോൺഗ്രസ് എം. എൽ.എ ആയിരുന്ന സിദ്ധുന്യാമെ ഗൗഡ അപകടത്തിൽ മരിച്ചതിനെ തുടർന്ന് സ്ഥാനാർത്ഥിയായ പുത്രൻ ആനന്ദ് ന്യാമെഗൗഡ 39,492 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. നിയമസഭയിലേക്ക് അദ്ദേഹത്തിന്റെ കന്നി വിജയമാണിത്. കഴിഞ്ഞ തവണ പിതാവിന്റെ ഭൂരിപക്ഷം 2,700 വോട്ടായിരുന്നു. മകൻ 40,000ത്തിലേറെ വോട്ടിനാണ് വിജയിച്ചത്.