samvat
SAMVAT 2075

 സംവത് - 2075 ഐശ്വര്യ വർഷത്തിന് ഇന്ന് തുടക്കം

കൊച്ചി: റെക്കാഡ് മുന്നേറ്റവും വൻ ലാഭക്കച്ചവടവും പ്രതീക്ഷിച്ച് ഓഹരി വിപണിയും ബിസിനസ് ലോകവും ദീപാവലി ദിനമായ ഇന്ന് 'സംവത് - 2075" വർഷത്തിലേക്ക് ചുവടുവയ്‌ക്കുന്നു. ഉത്തരേന്ത്യൻ ദീപാവലി ആഘോഷദിനമായ ഇന്നാണ് ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള, ഐശ്വര്യവർഷമായ സംവത് ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള 'മുഹൂർത്ത വ്യാപാരം" ഇന്ന് വൈകിട്ട് അഞ്ച് മുതൽ 6.30വരെ ബോംബെ (സെൻസെക്‌സ്), ദേശീയ (നിഫ്‌റ്രി) ഓഹരി വിപണികളിൽ നടക്കും. കമ്മോഡിറ്രി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സിൽ വൈകിട്ട് അഞ്ച് മുതൽ 11.55 വരെയാണ് പ്രത്യേക വ്യാപാരം.

പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും ഏറ്റവും ഐശ്വര്യപൂർണമെന്ന് വിശ്വസിക്കപ്പെടുന്ന മുഹൂർത്തമാണിത്. നമ്മുടെ ഓണം, അക്ഷയതൃതീയ എന്നിവപോലെ സ്വർണവും വസ്‌ത്രവും വാഹനവും വീടും ഭൂമിയുമൊക്കെ വാങ്ങാൻ ഏറെ അനുയോജ്യമായി കരുതപ്പെടുന്ന സമയവുമാണിത്. കഴിഞ്ഞവർഷത്തെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്‌സ് 194 പോയിന്റും നിഫ്‌റ്റി 64 പോയിന്റും നഷ്‌ടം നുണഞ്ഞിരുന്നു. അമേരിക്കൻ, ഏഷ്യൻ ഓഹരി വിപണികളിൽ നിന്നുണ്ടായ നഷ്‌ടം ഇന്ത്യയിലും വീശിയടിച്ചതാണ് അന്ന് തിരിച്ചടിയായത്.

മുഹൂർത്ത വ്യാപാരം:

ലാഭവും നഷ്‌ടവും

 സംവത് 2071ലെ മുഹൂ‌ർത്ത വ്യാപാരം: സെൻസെക്‌സ് 63 പോയിന്റും നിഫ്‌റ്റി 18 പോയിന്റും ഉയർന്നു

 സംവത് 2072ൽ സെൻസെക്‌സിന്റെ നേട്ടം 123 പോയിന്റ്. നിഫ്‌റ്റി 41 പോയിന്റും മുന്നേറി

 2073ൽ സെൻസെക്‌സ് 11.30 പോയിന്റും നിഫ്‌റ്റി 12.30 പോയിന്റും നഷ്‌ടം നേരിട്ടു

 2074ൽ സെൻസെക്‌സിന്റെ നഷ്‌ടം 194 പോയിന്റ്. നിഫ്‌റ്റി 64 പോയിന്റും ഇടിഞ്ഞു

സംവതിൽ നിന്ന് സംവതിലേക്ക്

സംവത്-2074 വർഷത്തെ അവസാന വ്യാപാരദിനമായ ഇന്നലെ സെൻസെക്‌സ് 40 പോയിന്റുയർന്ന് 34,991ലും നിഫ്‌റ്റി ആറ് പോയിന്റ് നേട്ടവുമായി 10,530ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സംവത്-2074ൽ സെൻസെക്‌സിന്റെ മൊത്തം നേട്ടം ഏഴ് ശതമാനമാണ് (2,407 പോയിന്റ്). നിഫ്‌റ്റി മൂന്നു ശതമാനവും (319 പോയിന്റ്) മുന്നേറി. ടി.സി.എസും യെസ് ബാങ്കും റിലയൻസ് ഇൻഡസ്‌ട്രീസുമാണ് സംവത് - 2074ൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്.

ലക്ഷ്‌മി പൂജയോടെ തുടക്കം

ദീപാവലി പ്രമാണിച്ച് ഇന്നും നാളെയും ഓഹരി വിപണിക്ക് അവധിയാണ്. എന്നാൽ, സംവത്-2075 വർഷാരംഭത്തോട് അനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം ഇന്ന് വൈകിട്ട് അഞ്ചിനും 6.30നും മദ്ധ്യേ നടക്കും. വ്യാപാരികളുടെ നേതൃത്വത്തിൽ ലക്ഷ്‌മി പൂജയോടെ ആയിരിക്കും മുഹൂർത്ത വ്യാപാരം ആരംഭിക്കുക.