മണിരത്നത്തിന്റെ ചിത്രത്തിൽ അവസരം ലഭിക്കുക എന്നാൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിച്ചതു പോലെയാണ് തനിക്കെന്ന് നടൻ ദുൽഖർ സൽമാൻ. 'അദ്ദേഹം വിളിച്ചു കഴിഞ്ഞാൽ നമ്മൾ എവിടെയൊക്കെയോ ശ്രദ്ധിക്കപ്പെട്ടിണ്ട് എന്നാണ് അർത്ഥം. അത് ഒരംഗീകാരമാണ്' -ദുൽഖർ പറഞ്ഞു.
മണിസാറിന്റെ സൂപ്പർഹിറ്റ് ചിത്രം ദളപതിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ വാപ്പച്ചിയോടൊപ്പം ഞാൻ സെറ്റിൽ പോയിരുന്നു. അത് അത്ഭുതകരമായിരുന്നു. ദളപതിക്കു ശേഷവും വാപ്പിച്ചിയും മണിരത്‌നം സാറും നിരവധി തവണ കൂടിക്കാഴ്‌ചകൾ നടത്തുകയും പല സിനിമകളെക്കുറിച്ചും ചർച്ച ചെയ്യുകയുമുണ്ടായി. 'ഇരുവർ' ഉൾപ്പടെ. മണിസാറിനെ എന്റെ വീടിന്റെ പരിസരത്ത് എത്രയോ തവണ ഞാൻ കണ്ടിട്ടുണ്ട്. മാത്രമല്ല, ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് എന്റെ വീടിന്റെ തൊട്ടടുത്താണ്', ദുൽഖർ പറയുന്നു.
മണിസാറിനൊപ്പം ഇരിക്കുമ്പോൾ ഒന്നുമല്ലെങ്കിൽ നിങ്ങൾക്കെന്തെങ്കിലും പറയാൻ ഉണ്ടാകണം. അദ്ദേഹം പൊതുവെ വളരെയധികം നിശബ്‌ദനായ ആളാണ്. സംസാരിക്കുകയേ ഇല്ല. ഷോട്ടുകൾക്കിടയിലുള്ള സമയത്ത് ഞാനദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ സ്വയം പറയാറുണ്ട് എന്തെങ്കിലും പറയൂ, ബുദ്ധിപരമായി എന്തെങ്കിലും പറയൂ എന്ന്. പക്ഷെ അവിടെ അത്രമേൽ നിശബ്‌ദമായിരിക്കും'- ദുൽഖർ പറഞ്ഞു.
മണിരത്നത്തിന്റെ സംവിധാനത്തിൽ 'ഓകെ കൺമണി' എന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിച്ചത്. നിത്യാ മേനൻ, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.