kodiyeri-balakrishnan

തിരുവനന്തപുരം:ശബരിമല ദർശനത്തിനെത്തിയ അമ്പത്തിരണ്ട് വയസുകഴിഞ്ഞ സ്ത്രീകളെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ സന്നിധാനത്തുവെച്ച് തടയുകയും മർദ്ദിക്കുകയും ചെയ്ത സംഭവം ബോധപൂർവ്വം പ്രകോപനം സൃഷ്ടിച്ച് നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുവരെ അമ്പത് വയസ് കഴിഞ്ഞ സ്ത്രീകൾക്ക് യഥേഷ്ടം ശബരിമലയിൽ പോകാൻ കഴിയുമായിരുന്നു. എന്നാലിപ്പോൾ സ്ത്രീകളാരും ശബരിമലയിൽ വരേണ്ടെന്ന നിലപാടാണ് സ്വീകരിയ്ക്കുന്നത്.

വിശ്വാസത്തിന്റെ പേരിൽ ഏത് സ്ത്രീകളേയും തടയുവാനും കടന്നുപിടിച്ചാക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്കാണ് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഇത് ശരിയാണോയെന്ന് സ്ത്രീ സമൂഹവും, വിശ്വാസ സമൂഹവും, ജനാധിപത്യ വിശ്വാസികളും ചിന്തിയ്ക്കണം. കുട്ടിക്ക് ചോറ് കൊടുക്കുന്നതിന് വേണ്ടിയാണ് തൃശൂർ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്. ഈ കുടുംബത്തെയാണ് തടഞ്ഞുവെയ്ക്കുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തത്. അയ്യപ്പ ദർശനത്തിന് ആന്ധ്രയിൽ നിന്നെത്തിയ 50 വയസുകഴിഞ്ഞ സ്ത്രീകളേയും ഇരുമുടിക്കെട്ട് ഇല്ലെന്ന കാരണം പറഞ്ഞ് സംഘപരിവാർ സംഘടനകൾ തടയുകയായിരുന്നു. ആർ.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിലാണ് ഈ നടപടികളുണ്ടായത്.

വിശ്വാസികളുടെ പേരിൽ ശബരിമല സന്നിധാനത്തെ കലാപ ഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ലക്ഷ്യംവെയ്ക്കുന്നതെന്ന യാഥാർത്ഥ്യം ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായതാണ്. ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് ശബരിമലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ.

ആർ.എസ്.എസും ബി.ജെ.പിയും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അജണ്ടയനുസരിച്ചാണ് അക്രമിസംഘം ശബരിമലയിൽ പ്രവർത്തിച്ചത്. പ്രകോപനം സൃഷ്ടിച്ച് കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ആത്മസംയമനത്തോടെ നേരിടാൻ പൊലീസിനും സർക്കാരിനും കഴിഞ്ഞുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്.

തുടർന്നും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കി ഇടപെടാനും ജാഗ്രത പാലിക്കാനും കേരളത്തിലെ മതനിരപേക്ഷ സമൂഹമാകെ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.