പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങൾ ലംഘിച്ച് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ കയറിയെന്ന ആരോപണങ്ങൾക്കിടെ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കർദാസും വിവാദക്കുരുക്കിൽ. കഴിഞ്ഞ ദിവസം ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ മേൽശാന്തിക്കൊപ്പം പതിനെട്ടാംപടിയിൽ കയറുകയും ഇറങ്ങുകയും ചെയ്‌തുവെന്നാണ് ശങ്കർദാസിനെതിരെയുള്ള ആരോപണം. ക്ഷേത്രങ്ങളിലെ ആചാരങ്ങൾ മാനിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ദേവസ്വം ബോർഡ് പ്രതിനിധി തന്നെ ആചാരങ്ങൾ ലംഘിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആരോപണമുയരുന്നുണ്ട്.
ഇന്ന് രാവിലെ ദർശനത്തിനെത്തിയ യുവതികളെ പ്രായത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാംപടി വഴി ഇരുമുടിക്കെട്ടില്ലാതെ തിരിച്ചിറങ്ങിയത്. ഇത് ആചാരലംഘനമാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുമെന്നും ദേവസ്വം ബോർഡ് അംഗമായ കെ.പി.ശങ്കർദാസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശങ്കർദാസ് ആചാരങ്ങൾ ലംഘിച്ച് പതിനെട്ടാംപടി കയറിയതിന്റെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിടുകയായിരുന്നു.
അതേസമയം, ശങ്കർദാസിനെ അബദ്ധം സംഭവിച്ചതാകാമെന്ന നിലപാടുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ രംഗത്തെത്തി. നല്ലൊരു വിശ്വാസിയായ ശങ്കർദാസിന് ഇത്തരമൊരു തെറ്റുണ്ടാകാൻ പാടില്ലായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ലെന്നാണ് മനസിലാക്കുന്നത്. തന്ത്രിമാരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ പരിഹാര ക്രിയകൾ നടത്തണമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.