കൽപ്പറ്റ: മരിച്ചെന്ന് കരുതി സംസ്‌കരിച്ചയാൾ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വീട്ടുകാർക്ക് സന്തോഷമായെങ്കിലും നാട്ടുകാർക്ക് ഒരു ചോദ്യം ബാക്കിയായി. അപ്പോൾ മരിച്ചെന്ന് കരുതി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത് ആരുടെ മൃതദേഹമാണ്. പുൽപ്പള്ളി ആടിക്കൊല്ലി തേക്കനാംകുന്നേൽ മത്തായിയുടെ മകൻ സജിയാണ് കഴഞ്ഞ ബുധനാഴ്ച ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് വീട്ടിൽ മടങ്ങിയെത്തിയത്. എച്ച്.ഡി കോട്ടയിലെ ഒരു കൃഷിയിടത്തിൽ ജോലിക്കുപോയ സജിയെക്കുറിച്ച് കുറേ നാളുകളായി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ കഴിഞ്ഞ മാസം 13ന് എച്ച്.ഡി കോട്ട വനാതിർത്തിയിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സജിയുടെ അമ്മ ഫിലോമിനയും സഹോദരൻ ജിനേഷും മൃതദേഹം സജിയുടേതാണെന്ന് വിശ്വസിച്ച് പൊലീസ് നടപടികൾക്ക് ശേഷം1 ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്‌കരിച്ചു.
15 ദിവസത്തിന് ശേഷം സജി നാട്ടിലെത്തിയപ്പോഴാണ് എല്ലാവർക്കും അബദ്ധം മനസിലായത്. മൃതദേഹത്തിന്റെ കാൽപാദവും, ഒടിഞ്ഞ ശേഷം കമ്പിയിട്ട കാലും കണ്ടാണ് സജിയാണെന്ന് തെറ്റിദ്ധരിച്ചത്. സജിയുടെ കാലും ഒടിഞ്ഞശേഷം കമ്പിയിട്ടിരുന്നു. സജി ധരിക്കാറുണ്ടായിരുന്ന പോലുള്ള കൊന്തയും മൃതദേഹത്തിൽ നിന്ന് കിട്ടി. ആടിക്കൊല്ലിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് സജി താമസിച്ചിരുന്നത്. ബന്ധുക്കളെല്ലാം മറ്റു പല സ്ഥലങ്ങളിലാണ്. വിവാഹം കഴിക്കാത്ത സജി പലയിടങ്ങളിലും കൂലിപ്പണിയെടുത്താണ് ജിവിക്കുന്നത്. ഇൗയിടെ പനമരത്തുള്ള ബന്ധുവിനെ കാണാനെത്തിയപ്പോഴാണ് താൻ 'മരണമടഞ്ഞ' വിവരം സജി അറിയുന്നത്. സജി തിരിച്ചെത്തിയ വിവരം ബന്ധുക്കൾ ബീച്ചനഹള്ളി പൊലീസ് സ്‌റ്റേഷനിലെത്തി ധരിപ്പിച്ചിട്ടുണ്ട്. അവിടുത്തെ ജില്ലാ കളക്ടറുടെ അനുമതിയോടെ വേണം പള്ളിയിൽ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പൊലീസിന് തുടർ നടപടികൾ സ്വീകരിക്കാൻ. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ കർണാടകയിലെ ബീച്ചനഹള്ളി പൊലീസ് തിങ്കളാഴ്ച ആടിക്കൊല്ലിയിൽ എത്തുമെന്ന് പുൽപ്പള്ളി പൊലീസിനെ അറിയിച്ചിരുന്നു.
എന്നാൽ പൊലീസ് എത്തിയില്ല. പോസ്റ്റ്മോർട്ടം ചെയ്ത മൃതശരീരമായതിനാൽ തത്കാലം പുറത്തെടുക്കേണ്ടെന്നാണ് കർണാടക പൊലീസിന്റെ വിശദീകരണം. മാത്രമല്ല സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് വ്യക്തതയുമില്ല. എന്തായാലും പള്ളി സെമിത്തേരിയിൽ സംസ്കരിച്ച അജ്ഞാത മൃതദേഹം പുറത്തെടുത്ത് കൊണ്ട് പോകണമെന്നാണ് വിശ്വാസ സമൂഹത്തിന്റെ ആവശ്യം. ഇല്ലെങ്കിൽ ഭാവിയിൽ അത് പള്ളിക്കും ഇടവകയ്ക്കും തലവേദനയാവുമെന്നും വിശ്വാസികൾ ഭയക്കുന്നു.