മുംബയ്: സ്വവർഗാനുരാഗികളായ യുവാക്കൾ തമ്മിലുള്ള ത്രികോണ പ്രണയം ഒരാളുടെ ജീവനെടുത്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് ആസിഫ്, പാർത്ഥ് റാവൽ, ധവാൽ എന്നിവരാണ് ത്രികോണ പ്രണയത്തിലായത്. മുഹമ്മദ് ആസിഫിനെ പാർത്ഥും ധവാലും ഒരുപോലെ പ്രണയിച്ചു. ധവാലുമായി മുഹമ്മദ് ആസിഫ് പ്രണയത്തിലായെങ്കിലും പിന്നീട് അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിരിഞ്ഞു. എന്നാൽ ഞായറാഴ്ച ഹിൽറോഡിലുള്ള മുഹമ്മദിന്റെ ഫ്ളാറ്റിലെത്തിയ ധവാൽ കിടപ്പുമുറിയിൽ പാർത്ഥിനെ കണ്ടു. പ്രകോപിതനായ ധവാൽ മെഴുകുതിരി സ്റ്റാൻഡ് ഉപയോഗിച്ച് പാർത്ഥിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ബാദ്ര ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ച പാർത്ഥിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് യുവാവ് തലയിൽ സ്റ്രിച്ചിടാൻ വിസമ്മതിച്ച് ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് വാങ്ങി. വൈകിട്ടോടെ പാർത്ഥ് മരിച്ചു. 25 കാരനായ പാർത്ഥ് കമ്പ്യൂട്ടർ എൻജിനിയറാണ്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആസിഫാണ് പൊലീസിൽ പരാതി നൽകിയത്. പാർത്ഥിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ധവാൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു.