അയോദ്ധ്യ: ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോദ്ധ്യ എന്നാക്കിമാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു . അയോദ്ധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും അന്തസിന്റെയും പ്രതാപത്തിന്റെയും പ്രതീകമാണത്. അയോദ്ധ്യയോട് അനീതി കാണിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണകൊറിയൻ പ്രഥമ വനിത കിം ജങ്ങ് സൂക്കുമായി ചേർന്ന് അയോദ്ധ്യയിൽ ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള ദീപോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു യോഗി ആദിത്യനാഥ്. ശ്രീരാമന്റെ പിതാവ് ദശരഥന്റെ പേരിൽ അയോദ്ധ്യയിൽ മെഡിക്കൽ കോളേജ് നിർമ്മിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അയോദ്ധ്യ, ഫൈസാബാദ് നഗരങ്ങൾ ചേർന്നതായിരുന്നു ഫൈസാബാദ് ജില്ല. ഫൈസാബാദ് ജില്ലയ്ക്ക് കീഴിലുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ പേര് അയോദ്ധ്യ നഗർ നിഗം എന്നായിരുന്നു. അതിനാൽ ഫൈസാബാദിന്റെ പേരും അയോദ്ധ്യയാക്കണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് വിനയ് കത്യാറും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, സമവായമുണ്ടാക്കി അയോദ്ധ്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമയം അവസാനിച്ചെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിർമ്മിക്കാനാണ് ഇനിയുള്ള ശ്രമമെന്നും ബി.ജെ.പി ഫൈസാബാദ് ജില്ലാ അദ്ധ്യക്ഷൻ അവധേഷ് പാണ്ഡെ വ്യക്തമാക്കി.