അയോദ്ധ്യ: ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ല ഇനി മുതൽ അയോദ്ധ്യ എന്നറിയപ്പെടുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ശ്രീരാമന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന ഫൈസാബാദിൽ ഇന്നലെ ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്രാൻ യു.പി സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ പേരുമാറ്റ നടപടി. അയോദ്ധ്യ യു.പിയുടെ അന്തസും അഭിമാനവുമാണെന്നും അത് ശ്രീരാമന്റെ വ്യക്തിത്വം പേറുന്ന മണ്ണാണെന്നും ആദിത്യനാഥ് പറഞ്ഞു. സരയൂ നദിക്കരയിലെ ഫൈസാബാദ്, അയോദ്ധ്യ എന്നീ രണ്ട് നഗരങ്ങൾ ചേർന്നതാണ് ഫൈസാബാദ് ജില്ല.
ദക്ഷിണകൊറിയൻ പ്രഥമവനിത കിം ജുങ് സൂക്ക് ചടങ്ങിൽ പങ്കെടുത്തു.
രാമന് വിമാനത്താവളം,
ദശരഥന് മെഡിക്കൽ കോളേജ്
ശ്രീരാമന്റെ പിതാവ് ദശരഥന്റെ പേരിൽ ഉത്തർപ്രദേശിൽ ഒരു മെഡിക്കൽ കോളേജും രാമന്റെ പേരിൽ അയോദ്ധ്യയിൽ ഒരു വിമാനത്താവളവും നിർമ്മിക്കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു. പേരുമാറ്രത്തെ കുറിച്ച് ഉയരുന്ന പ്രതിഷേധങ്ങൾക്കും ആദിത്യനാഥ് മറുപടി നൽകി. എന്തുകൊണ്ടാണ് പേരുമാറ്റത്തെ എതിർക്കുന്നവർക്കൊന്നും രാവണൻ എന്നോ ദുര്യോധനൻ എന്നോ പേരു നൽകാത്തതെന്നും ഇന്ത്യയിൽ ഒരു പേരിന് ഏറെ പ്രാധാന്യമുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
ലക്നൗ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
ലക്നൗ: 'ഭാരത് രത്ന അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്രേഡിയം" യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ സ്മരണാർത്ഥം 'ഏകാന ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്രേഡിയ"ത്തിന്റെ പേര് മാറ്റുകയായിരുന്നു.