ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഡരര് രാജീവരര് പറഞ്ഞു. ആചാരങ്ങൾ പ്രകാരം തന്ത്രിക്കും മേൽശാന്തിക്കും പന്തളം രാജകുടുംബത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേൽപ്പറഞ്ഞവർ അല്ലാത്ത ആരെങ്കിലും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയാൽ ആചാരലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി വന്നാൽ ആവശ്യമായ പരിഹാരക്രിയകൾ നടത്തുമെന്നും തന്ത്രി അറിയിച്ചു. അതേസമയം, ഏത് വിധത്തിലുള്ള പരിഹാരക്രിയകളാണ് നടത്തുമെന്നുള്ള കാര്യം ഇപ്പോൾ വിശദീകരിക്കാനാവിലെന്നും തന്ത്രി വ്യക്തമാക്കി.
ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരലംഘനം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ആർ.എസ്.എസ് നേതാവ് ആചാരംഘനം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പുറമെ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കർദാസും ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിൽ കയറിയെന്നും ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ മേൽശാന്തിക്കൊപ്പം പതിനെട്ടാംപടിയിൽ കയറുകയും ഇറങ്ങുകയും ചെയ്‌തുവെന്നാണ് ശങ്കർദാസിനെതിരെയുള്ള ആരോപണം.