ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ സിംബാബ്വെയ്ക്ക് 151 റൺസിന്റെ ജയം
ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് ചരിത്ര ജയം. ധാക്കയിലെ സിയാൽക്കോട്ട് വേദിയായ മത്സരത്തിൽ കളിതീരാൻ ഒരു ദിവസം കൂടി ബാക്കി നിൽക്കെ 151 റൺസിനാണ് സിംബാബ്വെ ജയം നേടിയത്.അഞ്ച് വർഷത്തിന് ശേഷമാണ് ടെസ്റ്റിൽ സിംബാബ്വെ വിജയം നേടുന്നത്. സ്കോർ: സിംബാബ്വെ 282/10 & 181/10, ബംഗ്ലാദേശ് 143/10 & 169 /10.
സിംബാബ്വെ ഉയർത്തിയ 321 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന് 26/0 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശ് 169 റൺസിന് ആൾഔട്ടാവുകയായിരുന്നു. 4 വിക്കറ്ര് നേടിയ അരങ്ങറ്റേക്കാരൻ സ്പിന്നർ ബ്രണ്ടൻ മവുത്തയാണ് ബംഗ്ലാബാറ്റിംഗ് നിരയെ കശാപ്പ് ചെയ്യുന്നതിന് നേതൃത്വം നൽകിയത്.സിക്കന്ദർ റാസ മൂന്നും മറ്റൊരു അരങ്ങേറ്രക്കാരൻ വെല്ലിംഗ്ടൺ മസാക്കഡ്സ രണ്ട് വിക്കറ്റും വീഴ്ത്തി.
വെളിച്ചക്കുറവ് മൂലം മൂന്നാം ദിനം നേരത്തേ മത്സരം നിറുത്തേണ്ടി വന്നതിനാൽ ഇന്നലെ അരമണിക്കൂർ നേരത്തേയാണ് മത്സരം തുടങ്ങിയത്.
ബംഗ്ലാദേശ് നിരയിൽ 43 റൺസെടുത്ത ഇമ്രുൽ ഖയിസിനും 38 റൺസെടുത്ത അരങ്ങേറ്റക്കാരൻ ആരിഫുൾ ഹഖിനും മാത്രമേ അല്പമെങ്കിലും പിടിച്ചു നിൽക്കാനായുള്ളൂ. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് പതിനാന്നിന് തുടങ്ങും.