pinarayi

കോഴിക്കോട് : ശബരിമലയുടെ പവിത്രതത നിലനിറുത്താൻ ബി.ജെ.പിക്ക് ഉദ്ദേശ്യമില്ലെന്നും അവരുടെ ലക്ഷ്യം കലാപം സൃഷ്ടിക്കുക എന്നത് മാത്രമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മുതലക്കുളം മൈതാനത്ത് എൽ.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീധരൻ പിള്ളയെ പോലുള്ള ആളുകളിൽ നിന്ന് ഉപദേശം വാങ്ങിയാൽ തന്ത്രിമാർ പെടുന്ന പാട് എത്രയാണെന്ന് ആലോചിക്കണം. വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിലേക്ക് തന്ത്രികുടുംബം വരാത്തതിന്റെ കാരണം ഇതുപോലുള്ള ഉപദേശമാകാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പ്രശ്നത്തിന്റെ പേരിൽ കേരള ജനതയെ ഭിന്നിപ്പിച്ച് അടിത്തറ വികസിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞപ്പോൾ ചിലർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ബി.ജെ.പി അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള ഇക്കാര്യം പരസ്യമാക്കിയതോടെ ആർക്കും അതിൽ സംശയമില്ലാതായി. ബി.ജെ.പിയും എൽ.ഡി.എഫും മാത്രമാണ് ഈ സമരം കഴിയുമ്പോൾ ബാക്കിയുണ്ടാവുക എന്ന് ശ്രീധരൻ പിള്ള പറഞ്ഞപ്പോൾ ആ പൂതി മനസിലിരിക്കട്ടെയെന്ന് പറയാൻ പോലും ഒരു കോൺഗ്രസ് നേതാവും തയ്യാറായില്ല. രാഹുൽ ഗാന്ധി ശബരിമല വിധിയെ അനുകൂലിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കളുടെ തൊലിക്കട്ടിയെക്കുറിച്ച് ആലോചിക്കണമെന്ന് പിണറായി പരിഹസിച്ചു.

സവർണമേധാവിത്വം പണ്ടുമുതലേ നല്ല നിലയിലല്ല ശബരിമലയെ കാണുന്നത്. അവർക്ക് ശബരിമലയുടെ കാര്യത്തിൽ ഒരു പ്രത്യേക അജണ്ടയുണ്ട്. എല്ലാവിഭാഗം ജനങ്ങളും ശബരിമലയിൽ എത്തുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ റാലിയിൽ പങ്കെടുക്കുന്നവരിൽ ഭൂരിപക്ഷവും വിശ്വാസികളാണ്. വിശ്വാസത്തെ എതിർക്കുന്നവരല്ല ഞങ്ങൾ. എന്നാൽ ഞങ്ങളുടെ വിശ്വാസം മാത്രമേ ഇവിടെ പാടുള്ളൂവെന്ന് പറയുന്നവർക്കൊപ്പം നിൽക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസ സമൂഹത്തെ കൈപ്പിടിയിലാക്കാമെന്ന് ആരും കരുതണ്ട. ആചാരങ്ങളെ ബഹുമാനിച്ചാണ് ഞാൻ ശബരിമല സന്ദർശിച്ചത്. ഇരുമുടി തലക്കെട്ടുമായേ പതിനെട്ടാം പടികയറാവൂ എന്നതിനാൽ മറ്റൊരു വഴിയിലൂടെയാണ് ഞാൻ പോയത്. ഭക്തരെയാണ് ഇവർ അക്രമിക്കുന്നത്. ശബരിമല സന്നിധി എന്ന പരിമിതി പൊലീസിനുണ്ടായിരുന്നു എന്നത് വസ്തുതയാണ്. ശബരിമലയുടെ പവിത്രത സൂക്ഷിക്കാൻ ബി.ജെ.പിക്കും ആർ.എസ്.എസിനും ഒട്ടുംതാത്പര്യമില്ലാത്തതിനാൽ പൊലീസ് സംയമനം പാലിച്ചാണ് നീങ്ങിയത്.

ആരാധനാലയങ്ങളുടെ കാര്യത്തിൽ തന്ത്രി സമൂഹത്തിനുള്ള പൊതുവായ അംഗീകാരം നിലനിർത്താൻ സർക്കാർ എതിരല്ല. എന്നാൽ ആരാധനാലയങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരുടെ കരുവാകാൻ നിൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.