sab

ചേർത്തല: ശബരിമല ദർശനം ലക്ഷ്യമിട്ടെത്തിയ ചേർത്തല സ്വദേശിനി ഭർത്താവിനും മക്കൾക്കുമൊപ്പം പമ്പയിലേക്കു പുറപ്പെട്ടത് കുടുംബത്തിലെ മറ്റംഗങ്ങൾ പോലുമറിയാതെ. യുവതിയുടെ അമ്മ അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയ ശേഷമാണ് ഇവർ പമ്പയിലെത്തിയ വിവരം ചാനലുകളിലൂടെ പൊലീസും നാട്ടുകാരും അറിയുന്നത്. ഇന്നലെ രാമങ്കരി മജിസ്ട്രേറ്റിന്റെ വസതിയിയിൽ ഹാജരാക്കിയ ശേഷം ദമ്പതികളെയും കുട്ടികളെയും വീട്ടിലേക്കയച്ചു.

ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് അരീപ്പറമ്പ് ആഞ്ഞിലിക്കാപ്പള്ളി വിജിത്ത് (അഭിലാഷ്), ഭാര്യ അഞ്ജു എന്നിവരും രണ്ടു മക്കളുമാണ് പമ്പയിലെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അഭിലാഷും കുടുംബവും സമീപത്തെ ക്ഷേത്രത്തിൽ ദർശനത്തിനെന്ന പേരിൽ പുറപ്പെട്ടത്. ഏറേ നേരമായിട്ടും തിരികെ എത്താതിരിക്കുകയും മൊബൈൽ ഫോണിൽ കിട്ടാതിരിക്കുകയും ചെയ്തതോടെ അഞ്ജുവിന്റെ അമ്മയാണ് അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് ഇവർ പമ്പയിലെത്തി ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെന്ന വാർത്ത പുറത്തുവന്നത്. തുടർന്ന് അർത്തുങ്കൽ പൊലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.

രാത്രിയോടെ ബന്ധുക്കളുമൊത്ത് പമ്പയിലെത്തിയ പൊലീസ് അഭിലാഷിനേയും കുടുംബത്തെയും പുലർച്ചെ അർത്തുങ്കൽ സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരിക്കിയത്. ഇതിനിടെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ അഭിലാഷിന്റെ വീട്ടിലേയ്ക്ക് നാമജപ യാത്ര നടത്തിയിരുന്നു. ഇരുവരുടെയും വീടുകൾക്ക് പൊലീസ് സുരക്ഷ തുടരുകയാണ്.