ന്യൂഡൽഹി : അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തകർക്കാൻ മഹാസഖ്യത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രാഹുൽ വളരെ നിഷ്കളങ്കനായ രാഷ്ട്രീയ പ്രവർത്തകനാണ്. ബി.ജെ.പിയെ നിലംപരിശാക്കാൻ രാഹുലിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് സാധിക്കും എന്നും കുമാരസ്വാമി പറഞ്ഞു. കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യം നേടിയ മികച്ച വിജയത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ രണ്ട് നിയസഭാ സീറ്റും രണ്ട് ലോക്‌സഭാ സീറ്റുമാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം നേടിയത്.
മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. ഉപതിരഞ്ഞെടുപ്പിലെ വിജയം 2019ലെ വിജയത്തിലേക്കുള്ള ആദ്യ പടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജെ.ഡി. എസ് - കോൺഗ്രസ് സഖ്യമായി മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.