sabarimala-

ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയതിലൂടെ താൻ ആചാരലംഘനം നടത്തിയെന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി സമ്മതിച്ചു. താൻ ചെയ്ത ആചാരലംഘനത്തിന് പരിഹാരക്രിയ ചെയ്‌തെന്നും, ഇത് നിർദ്ദേശിച്ചത് ശബരിമല തന്ത്രി കണ്ഡരര് രാജീവരരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് വത്സൽ തില്ലങ്കേരി ഇക്കാര്യം അറിയിച്ചത്. ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ദർശനം നടത്തുന്നതിനിടെ ബഹളം കേട്ടപ്പോൾ താഴേക്ക് ഇറങ്ങിയതാണെന്നുമാണ് വത്സൻ തില്ലങ്കേരി സംഭവം നടന്നയുടൻ പ്രതികരിച്ചത്. പതിനെട്ടാംപടിയിൽ നിന്നും താൻ താഴേക്ക് ഇറങ്ങിയിട്ടില്ല. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നതോടെ ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. പതിനെട്ടാംപടിയിൽ പിന്തിരിഞ്ഞ് നിൽക്കുന്നതും ആചാരലംഘനമാണെന്നും ആചാരങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിക്കുന്നവർ തന്നെ അത് ലംഘിക്കുകയാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.

ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ പതിനെട്ടാംപടി ചവിട്ടിക്കില്ലെന്നാണ് പ്രതിഷേധക്കാർ നേരത്തെ സ്വീകരിച്ച നിലപാട്. ഇന്ന് രാവിലെ ഇരുമുടിക്കെട്ടില്ലാതെ എത്തിയ സ്ത്രീകളെയും മറ്റ് വഴികളിലൂടെയാണ് സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. ഇതിനിടയിൽ ആർ.എസ്.എസ് നേതാവ് തന്നെ ആചാരം ലംഘിച്ചത് ഭക്തർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് ആചാര ലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഡരര് രാജീവരര് പറഞ്ഞു. ആചാരങ്ങൾ പ്രകാരം തന്ത്രിക്കും മേൽശാന്തിക്കും പന്തളം രാജകുടുംബത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേൽപ്പറഞ്ഞവർ അല്ലാത്ത ആരെങ്കിലും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയാൽ ആചാരലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി വന്നാൽ ആവശ്യമായ പരിഹാരക്രിയകൾ നടത്തുമെന്നും തന്ത്രി അറിയിച്ചു. അതേസമയം, ഏത് വിധത്തിലുള്ള പരിഹാരക്രിയകളാണ് നടത്തുമെന്നുള്ള കാര്യം ഇപ്പോൾ വിശദീകരിക്കാനാവിലെന്നും തന്ത്രി വ്യക്തമാക്കിയിരുന്നു.