രണ്ടാം ട്വന്റി-20: ഇന്ത്യ വിൻഡീസിനെ തോല്പിച്ചു, പരമ്പര ഇന്ത്യയ്ക്ക്
രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി
ലക്നൗ: വിരാട് കൊഹ്ലിക്ക് പകരം നായകസ്ഥാനം ഏറ്രെടുത്ത രോഹിത് ശർമ്മയുടെ വക ദീപാവലി സ്പെഷ്യൽ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിൻബലത്തിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി - 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 71റൺസിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെ (പുറത്താകാതെ 111) സെഞ്ച്വറിയുടെ പിൻബലത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.ഇതോടെ ട്വന്റി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബൗൾ ചെയ്യാനുള്ള വിൻഡീസ് ക്യാപ്ടൻ കാർലോസ് ബ്രാത്ത്വെയ്റ്രിന്റെ തീരുമാനം തെറ്രായിരുന്നുവെന്ന് തെളിയിച്ച് രോഹിത് ധവാനൊപ്പം ഒന്നാം വിക്കറ്റിൽ 14 ഓവറിൽ 123 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മുന്നേറിയ ഇന്ത്യൻ ഓപ്പണിംഗ് ജോഡിയെ പിരിച്ചത് അല്ലനാണ്. ധവാനെ (43) പൂരന്റെ കൈയിൽ എത്തിച്ചാണ് അല്ലൻ കൂട്ടുകെട്ട് പൊളിച്ചത്. പിന്നിടെത്തിയ റിഷഭ് പന്തിനെ (1) നിലയുറപ്പിക്കും മുമ്പേ പിയറെ ഹെറ്റ്മെയറിന്റെ കൈയിൽ എത്തിച്ചു.പകരമെത്തിയ രാഹുൽ (പുറത്താകാതെ 26) രോഹിതിന് നല്ല പിന്തുണ നൽകി പുറത്താകാതെ നിന്നു.വെറും 61 പന്തിൽ 8 ഫോറും 7 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ 111 റൺസിന്റെ ഇന്നിംഗ്സ്.തുടർന്ന് ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസ് നിരയിൽ ആർക്കും മികച്ച പ്രകടനം നടത്താനായില്ല. ഇന്ത്യയ്ക്കായി കുൽദീപ്, ഖലീൽ, ഭുവനേശ്വർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രോഹിതിന് ഏറ്രവും
കൂടുതൽ സെഞ്ച്വറി
ട്വന്റി-20യിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കാഡും രോഹിത് സ്വന്തമാക്കി. ഇന്നലത്തേത് രോഹിതിന്റെ കരിയറിലെ 4-ാം ട്വന്റി-20 സെഞ്ച്വറിയാണ്.
കൊഹ്ലിയെ മറികടന്ന് രോഹിത്
ഇന്നലെ സെഞ്ച്വറി ഇന്നിംഗ്സോടെ വിരാട് കൊഹ്ലിയെ മറികടന്ന് ട്വന്റി-20യിൽ ഏറ്രവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന നേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കി. കൊഹ്ലി ഇതുവരെ ട്വന്റി-20യിൽ 62 മത്സരങ്ങളിൽ നിന്നായി 2102 റൺസാണ് നേടിയത്. എന്നാൽ ഇന്നലത്തെ ഇന്നിംഗ്സോടെ രോഹിതിന്റെ ട്വന്റി-20 അക്കൗണ്ടിൽ 2203 റൺസായി. അഞ്ചാം ഓവറിൽ ഓഷാനെ തോമസിനെ സിക്സടിച്ചാണ് രോഹിത് കൊഹ്ലിയെ മറികടന്നത്. 86-ാമത്തെ മത്സരത്തിലാണ് രോഹിത് പുതിയ നേട്ടം സ്വന്തമാക്കിയത്.
ട്വന്റി - 20യിൽ ഏറ്രവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് ഇപ്പോൾ രോഹിത്. 75 മത്സരങ്ങളിൽ നിന്ന് 2271 റൺസ് നേടിയ ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്ടിലാണ് പട്ടികയിലെ ഒന്നാമൻ.
സ്റ്രേഡിയത്തിന്
പുതിയ പേര്
ട്വന്റി-20 നടന്ന ലക്നൗവിലെ സ്റ്റേഡിയത്തിന്റെ പുതിയ പേരിടീൽ ചടങ്ങും ഇന്നലെ നടന്നു.
എകനാ ക്രിക്കറ്ര് സ്റ്റേഡിയം എന്നായിരുന്നു നേരത്തേ ഈ സ്റ്റേഡിയത്തിന്റെ പേര്. ഇന്നലെ മത്സരത്തിന് മുമ്പ് പകൽ നടന്ന ചടങ്ങിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭാരത് രത്ന അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് ഗ്രൗണ്ടെന്ന പുതിയ പേര് പ്രഖ്യാപിക്കുകയായിരുന്നു.