മുംബയ്: സ്വവർഗാനുരാഗികളായ മൂന്നു യുവാക്കളുടെ ത്രികോണ പ്രണയം അവസാനിച്ചത് ഒരാളുടെ കൊലപാതകത്തിൽ. ഇൻസ്റ്റഗ്രാം വഴിയാണ് മുഹമ്മദ് ആസിഫ്, പാർത്ഥ് റാവൽ, ധവാൽ എന്നീ യുവാക്കൾ തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് ഇവർ പ്രണയത്തിലാകുകയായിരുന്നു. ഇതിൽ പാർത്ഥ് റാവലിനെ ധവാൽ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. മുംബയ് ബാന്ദ്രയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
മുഹമ്മദ് ആസിഫിനെ പാർത്ഥ് റാവലും, ധവാലും ഒരേ പോലെ പ്രണയിച്ചു. പ്രണയത്തെച്ചൊല്ലി മൂന്നുപേരും തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിനിടെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മുഹമ്മദ് ആസിഫ് ധവാലുമായി പിരിഞ്ഞു. സംഭവം നടന്ന ദിവസം ഹിൽ റോഡിലുള്ള ആസിഫിന്റെ ഫ്ലാറ്രിലെത്തിയ ധവാൽ കിടപ്പുമുറിയിൽ പാർത്ഥിനെയും ആസിഫിനെയും ഒരുമിച്ചു കണ്ടതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. മൂന്നുപേരും തമ്മിലുളള വാക്കുതർക്കത്തിനൊടുവിൽ ധവാൽ മെഴുകുതിരി സ്റ്റാൻഡ് ഉപയോഗിച്ച് പാർത്ഥിന്റെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു. കമ്പ്യൂട്ടർ എൻജിനീയറായ പാർത്ഥ് റാവലിനെ (25) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഞായറാഴ്ച ആദ്യം ബാദ്ര ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ച പാർത്ഥിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇയാൾ തലയിൽ സ്റ്റിച്ചിടാൻ വിസമ്മതിക്കുകയും ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് വാങ്ങിപ്പോകുകയും ചെയ്തു. ഞായറാഴ്ച്ച വൈകിട്ടോടെ പാർത്ഥ് മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആസിഫാണ് പൊലീസിൽ പരാതി നൽകിയത്. പാർത്ഥിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ ധവാൽ തന്നെയും ആക്രമിക്കാൻ ശ്രമിച്ചതായി ആസിഫ് പൊലീസിന് മൊഴി നൽകി. കേസിൽ കമ്പ്യൂട്ടർ എൻജിനീയറായ ധവാലിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.