cricket

ലക്നൗ∙ദീപാവലി നാളിൽ ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയ ക്യാപ്ടൻ രോഹിത് ശർമ്മയുടെ ഉജ്വല പ്രകടനത്തിനൊടുവിൽ വിൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഇരട്ടിമധുരവുമായി ട്വന്റി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സസരത്തിൽ അഞ്ചു വിക്കറ്റിന് ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ 71 റൺസിനാണ് വിൻഡീസിനെ തകർത്തത്. മൂന്നാം മത്സരം ഞായറാഴ്ച നടക്കും.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ലക്നൗ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരത്തിൽ ഇന്ത്യ വിൻഡീസിന് മുന്നിൽ ഉയർ‌ത്തിയത് 196 റൺസിന്റെ വിജലക്ഷ്യം, 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ നേടിയത് 195 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഇന്ത്യൻ ബൗളർമാർക്കുമുന്നിൽ 124 റൺസിൽ മുട്ടുമടക്കി.

ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഫാബിയൻ അലൻ ക്രുനാൽ പാണ്ഡ്യയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി,, 58 പന്തിൽ എട്ടു ബൗണ്ടറിയും ആറു സിക്സും സഹിതമാണ് രോഹിത് ശർമ്മ ട്വന്റി 20യിലെ തന്റെ നാലാം സെഞ്ചുറി നേടിയത്. ഓപ്പണറായി ഇറങ്ങിയ രോഹിത് 61 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം 111 റൺസുമായി പുറത്താകാതെ നിന്നു. ലോകേഷ് രാഹുൽ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 26 റൺസുമായി രോഹിതിന് പിന്തുണ നൽകി. ഓപ്പണിംഗ് വിക്കറ്റിൽ ശിഖർ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് (123) തീർത്ത് ഇന്നിങ്സിന് അടിത്തറയിട്ട രോഹിത്, പിരിയാത്ത മൂന്നാം വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം അർദ്ധസെഞ്ചുറി കൂട്ടുകെട്ടും (62) തീർത്താണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കിയത്. ശിഖർ ധവാൻ 41 പന്തിൽ മൂന്നു ബൗണ്ടറികൾ സഹിതം 43 റൺസെടുത്തു പുറത്തായി. ആറു പന്തിൽ ഒരു ബൗണ്ടറി സഹിതം അഞ്ചു റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യൻ നിരയിൽ പുറത്തായ രണ്ടാമൻ. വിൻഡീസിനായി ഖാരി പിയറി, ഫാബിയൻ അലൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

196 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ആഞ്ഞടിച്ച കാർലോസ് ബ്രാത്‍വയ്റ്റ്–കീമോ പോൾ സഖ്യം കൂട്ടിച്ചേർത്ത 33 റൺസാണ് വിൻഡീസിന്റെ ഉയർന്ന കൂട്ടുകെട്ട്.