ചെന്നൈ: മാന്ത്രിക ശക്തി വർദ്ധിപ്പിക്കുന്നതിനായുള്ള ദുർമന്ത്രവാദത്തിനായി യുവതി മൂന്ന് വയസുകാരിയെ കഴുത്തറുത്തുകൊന്നു. പുതുക്കോട്ടൈ ജില്ലയിലെ ഇലുപ്പൂരാണ് സംഭവം. കഴുത്ത് അറുത്ത നിലയിൽ തിങ്കളാഴ്ച തമിഴ്നാട്ടിലെ കുരുമ്പട്ടി ഗ്രാമത്തിനു സമീപമുള്ള വനത്തിൽ നിന്ന് ബാലികയുടെ മൃതദേഹം ഇലുപ്പൂർ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ദുർമന്ത്രവാദത്തിനായി കുട്ടിയെ ബലി നൽകിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. ചിന്നപ്പിള്ള എന്ന യുവതിയാണ് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഒക്ടോബർ 25ന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് തല അറുത്തുമാറ്റപ്പെട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെടുത്തത്. പക്ഷേ കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നില്ല. ഇതോടെ മോഷണ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് മനസിലായ പൊലീസ് ദുർമന്ത്രവാദം എന്ന നിഗമനത്തിലേക്കെത്തുകയായിരുന്നു. .
മന്ത്രവാദ പശ്ചാത്തലമുള്ള ചിന്നപ്പിള്ളയെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഈയിടെ പനി ബാധിച്ച ഒരു ഗ്രാമീണൻ രോഗമോചിതനാകുമെന്ന് ചിന്നപ്പിളള പ്രവചിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കകം ഇയാൾ മരിച്ചു. തന്റെ മാന്ത്രിക ശക്തിനഷ്ടപ്പെട്ടെന്ന് ഗ്രാമീണർ കരുതുമോ എന്ന ആശങ്കയിൽ നിന്നാണ് കുട്ടിയെ ബലി നൽകാൻ യുവതി തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ചിന്നപ്പിള്ളയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.